ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി കിരൺ റാവുവിന്റെ 'ലാപതാ ലേഡീസ്'

ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി കിരൺ റാവുവിന്റെ 'ലാപതാ ലേഡീസ്'
Published on

97 മത് ഓസ്കാർ അക്കാദമി അവാർഡിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപതാ ലേഡീസ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള വിഭാഗത്തിലായിരിക്കും ചിത്രം മത്സരിക്കുക. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് സിനിമയെ ഓസ്കാർ അവാർഡിലേക്കുള്ള എൻട്രിയായി തിരഞ്ഞെടുത്തത്. കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് തിയറ്ററിൽ കാര്യമായ നേട്ടമുണ്ടാക്കിയില്ലെങ്കിലും ഒടിടി റിലീസിൽ വലിയ രീതിയിലുള്ള ജനപ്രീതിയാണ് നേടിയിരുന്നത്. രാജ്യവ്യാപകമായി ചിത്രം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഓസ്കാർ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സിനിമയായി ചിത്രം മാറിയിരിക്കുകയാണ്. അവസാന റൗണ്ടിലെത്തിയ 29 സിനിമകളിൽ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞടുക്കപ്പെട്ടത്.

പൃഥ്വിരാജ് സുകുമാരൻ നായകനായ ആടുജീവിതവും ദേശിയ അവാർഡ് സ്വന്തമാക്കിയ ആട്ടവുമാണ് മലയാളത്തിൽ നിന്ന് എൻട്രിക്കുള്ള അവസാന റൗണ്ടിലെത്തിയ പ്രധാന സിനിമകൾ. കാൻസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്‌കാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന പായൽ കപാഡിയയുടെ സിനിമയും ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്നു. അനിമൽ , കിൽ, കൽക്കി 2898 എഡി, ശ്രീകാന്ത്, ചന്ദു ചാമ്പ്യൻ, മൈതാൻ, സാം ബഹദൂർ എന്നിവയാണ് അവസാന റൗണ്ടിൽ ജൂറിയുടെ മുൻപിൽ വന്ന മറ്റ് ചിത്രങ്ങൾ. 13 അംഗ ജൂറിയാണ് ലാപതാ ലേഡീസിനെ എൻട്രിയായി തിരഞ്ഞെടുത്തത്.

2024 മാർച്ച് ഒന്നിന് തിയറ്ററിലെത്തിയ ചിത്രമാണ് ലാപത ലേഡീസ്. ഉത്തരേന്ത്യയിലെ ഒരു കല്യാണത്തിന് ശേഷം ദമ്പതികൾ നടത്തുന്ന യാത്രയിൽ വധുവിനെ മാറിപ്പോകുന്നതായിരുന്നു സിനിമയുടെ കഥാതന്തു. നടനും സംവിധായകുമായ ആമിർഖാൻ ചിത്രത്തിന്റെ നിർമ്മാണപങ്കാളിയായിരുന്നു. ബിപ്ലവ് ഗോസ്വാമിയുടെ കഥയെ ആസ്പദമാക്കി എഴുതിയ തിരക്കഥയാണ് ലാപത ലേഡീസിന്റെത്. നിതാൻഷി ഗോയൽ, പ്രതിഭ റാന്റ, സ്പർശ് ശ്രീവാസ്തവ്, ഛായ കദം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകപ്രശസ്തമായ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ലാപതാ ലേഡീസ് പ്രദർശിപ്പിച്ചിരുന്നു. യാഷ് രാജ് ഫിലിംസാണ് ചിത്രം തിയറ്ററിൽ പ്രദർശനത്തിലെത്തിച്ചത്. എന്നാൽ നെറ്റ്ഫ്ലിക്സിൽ റിലീസായതിന് ശേഷമാണ് ചിത്രത്തിന് വലിയ പ്രസിദ്ധി ലഭിച്ചത്. ചിത്രത്തിൽ അർജിത്ത് സിങ് പാടിയ 'സജിനി രേ' എന്ന ഗാനവും സമൂഹമാധ്യമങ്ങളിൽ ട്രെന്റിങായിരുന്നു. ലാപതാ ലേഡീസ് ജപ്പാനിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
The Cue
www.thecue.in