'സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ അല്ല സിനിമയെയാണ് ആഘോഷിക്കുന്നത്'; കുറുപ്പ് പ്രമോഷന്‍ വിവാദത്തില്‍ ശ്രീനാഥ് രാജേന്ദ്രന്‍

'സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ അല്ല സിനിമയെയാണ് ആഘോഷിക്കുന്നത്'; കുറുപ്പ് പ്രമോഷന്‍ വിവാദത്തില്‍ ശ്രീനാഥ് രാജേന്ദ്രന്‍
Published on

കുപ്രസിദ്ധ പിടികിട്ടാപ്പുള്ള സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളം കണ്ട വലിയൊരു കുറ്റവാളിയെ ഗ്ലോറിവൈ ചെയ്യും വിധമാണ് സിനിമയും സിനിമയുടെ പ്രമോഷനുമെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ടീ-ഷര്‍ട്ടും വിമര്‍ശനത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ വിവാദത്തെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ അല്ല കുറുപ്പ് എന്ന സിനിമയെയാണ് പ്രമോട്ട് ചെയ്യുന്നത് എന്നാണ് ശ്രീനാഥ് പറയുന്നത്. കുറുപ്പ് എന്ന സിനിമയും സുകുമാരക്കുറുപ്പ് എന്ന വ്യക്തിയും രണ്ടാണ്. ഒരിക്കലും സുകുമാരക്കുറുപ്പിനെ ആഘോഷിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല. പക്ഷെ സിനിമ ആഘോഷിക്കപ്പെടണമെന്നും ശ്രീനാഥ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ശ്രീനാഥ് രാജേന്ദ്രന്റെ വാക്കുകള്‍: 'സെക്കന്‍ഡ് ഷോ' എന്ന എന്റെ ആദ്യ സിനിമയ്ക്കു ശേഷം 2012ല്‍ എന്റെ മനസില്‍ രൂപപ്പെട്ട സിനിമയാണ് 'കുറുപ്പ്'. എട്ട് വര്‍ഷത്തോളമെടുത്ത് ചെയ്ത ഒരു സിനിമയാണ് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നത്. 'കുറുപ്പ്' എന്ന സിനിമയെയാണ് പ്രൊമോട്ട് ചെയ്യുന്നത്, സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെയല്ല. ഇത് രണ്ടും രണ്ടാണ്. പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യാനായി ഞങ്ങള്‍ എടുത്തിരിക്കുന്നത് ഒരു സിനിമയാണ്. വ്യക്തിയെ സെലിബ്രേറ്റ് ചെയ്യുമ്പോഴാണ് പ്രശ്‌നം. സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ ആഘോഷിക്കാന്‍ ഞങ്ങള്‍ക്കും തീരെ താല്‍പര്യമില്ല. പക്ഷേ സിനിമയെ സെലിബ്രേറ്റ് ചെയ്യണം. ആ സിനിമയുടെ പേര് 'കുറുപ്പ്' എന്ന് ആയിപ്പോയി എന്നേയുള്ളൂ. വൈഡ് ഫ്രെയിമില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ കാണാനായി ഉണ്ടാക്കിയ ഒരു സിനിമയാണ് കുറുപ്പ്. അത്രയും സമയവും അധ്വാനവും കൊണ്ട് എടുത്ത ഒരു സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമ്പോള്‍ വെറുപ്പല്ല പ്രചരിപ്പിക്കേണ്ടത്.

നവംബര്‍ 12നാണ് കുറുപ്പ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in