ഉണ്ണി ഇളയരാജയുടെ സം​ഗീതത്തിൽ അറബിക്ക് ​ഗാനം, 'കുറുക്കനി'ലെ പുതിയ പാട്ട് റിലീസ് ചെയ്തു

ഉണ്ണി ഇളയരാജയുടെ സം​ഗീതത്തിൽ അറബിക്ക് ​ഗാനം, 'കുറുക്കനി'ലെ പുതിയ പാട്ട് റിലീസ് ചെയ്തു
Published on

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുക്കൻ'. ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ അറബിക് ​ഗാനം റിലീസ് ചെയ്തു. ഉണ്ണി ഇളയരാജ സം​ഗീതം നൽകിയ ​ഗാനം രചിച്ചിരിക്കുന്നത് ഷാഫി കൊല്ലമാണ്, ആലപിച്ചിരിക്കുന്നത് ​ഗിരീഷ് തിരുവാലി. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ചിത്രത്തിനായി ആദ്യം കഥ പറയാൻ വന്നപ്പോൾ ഷൈൻ ടോം ചാക്കോ സിനിമയിൽ ചെയ്തിരിക്കുന്ന പാവത്താനായ കഥാപാത്രം തനിക്കും തന്റെ പോലീസ് കഥാപാത്രം ഷൈനിനും ആയിരുന്നു നിശ്ചയിച്ചിരുന്നതെന്ന് വിനീത് ശ്രീനിവാസൻ മുൻപ് ക്യുവിനോട് പറഞ്ഞിരുന്നു. തന്നെ പാവംപിടിച്ച കഥാപാത്രമായി ഒരുപാട് കണ്ടിട്ടുള്ളത്കൊണ്ടും ഷൈനിനെ അത്തരത്തിൽ ആരും അവതരിപ്പിക്കാത്തത് കൊണ്ടും ഞങ്ങളുടെ കഥാപാത്രങ്ങൾ പരസ്പരം സ്വാപ്പ് ചെയ്യുകയായിരുന്നെന്ന് വിനീത് ക്യു സ്റ്റുഡിയോയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഹൃദയത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുമ്പോഴാണ് കുറുക്കന്റെ കഥ എന്നോട് പറയുന്നത്. അന്ന് കുറച്ചുകൂടെ സീരിയസ് ആയിരുന്നു പടം. ആദ്യം ഷൈൻ ടോം ചാക്കോയുടെ കഥാപാത്രം എനിക്കായിരുന്നു വന്നത് എന്റെ പോലീസ് കഥാപാത്രം ഷൈനിനും. പാവം പിടിച്ച ഒരു കഥാപാത്രമായിരുന്നു അത്, അപ്പോൾ മുകുന്ദനുണ്ണി ഒന്നും റിലീസ് ആയിട്ടില്ല. അന്ന് ഞാൻ സംവിധായകനോട് ചോദിച്ചു ഷൈനിനെ ഒരു പാവം റോളിൽ കണ്ടാൽ വ്യത്യസ്തമാകുമെന്ന്. ഷൈനിനോട് പറഞ്ഞപ്പോൾ അവനും അത് ഇഷ്ട്ടമായി. അങ്ങനെ കഥാപാത്രങ്ങൾ പരസ്പരം മാറ്റിയപ്പോൾ ഞങ്ങൾക്ക് നന്നായി വർക്ക് ആയി.

വിനീത് ശ്രീനിവാസൻ

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിൽ സ്ഥിരമായി കള്ളസാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. എസ്.ഐ ആയാണ് വിനീത് ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനോജ് റാംസിങ്ങ് ആണ്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോൺ, അശ്വത് ലാൽ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിബു ജേക്കബ്ബ് ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് രഞ്ജൻ എബ്രഹാമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in