മലയാള താര സംഘടനയായ 'AMMA'യുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍. സംഘടനുമായി ബന്ധപ്പെട്ട് ചില കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ തന്മൂലം താൻ മാറിനില്‍ക്കുകയോ തന്നെ മാറ്റിനിര്‍ത്തുകയോ ഉണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. AMMA സംഘടന നിലവില്‍ നേരിടുന്ന നേതൃത്വം സംബന്ധിച്ച പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഈഗോയും തെറ്റിദ്ധാരണകളും മാറ്റിവച്ച് തുറന്ന ചർച്ചകളും പ്രവർത്തികളും കൊണ്ട് അമ്മ തിരിച്ചു വരാൻ ശ്രമിക്കണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ നിലപാട് എടുത്തതിന് ശേഷമാണോ 'AMMA'യില്‍ നിന്നും അകലാന്‍ തുടങ്ങിയതെന്ന അവതാരകന്റെ ചോദ്യത്തിന് കാൻ മീഡിയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ചാക്കോ ബോബൻ പറഞ്ഞത്:
മനപ്പൂര്‍വമായി മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നതല്ല. കമ്യൂണിക്കേഷന്റെ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും. എന്നാല്‍ അതിനപ്പുറം AMMA എന്ന സംഘടന എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന എല്ലാ നന്മ പ്രവര്‍ത്തികള്‍ക്കൊപ്പവും ഞാനുണ്ടാകും. അതിൽ യാതൊരു വ്യത്യാസവുമില്ല. ഈഗോയും തെറ്റിദ്ധാരണകളും മാറ്റിവച്ച് തുറന്ന് സംസാരിക്കുകയും അമ്മ എന്ന സംഘടനയെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ വേണ്ടി വിട്ടു വീഴ്ച്ച ചെയ്യുകയും അതിനു വേണ്ടിയുള്ള ചർച്ചകളും പ്രവർത്തികളും ഉണ്ടാവുകയും ചെയ്യണം. അതാണ് വേണ്ടത്. പുതിയ ആളുകൾ എന്ന വ്യത്യാസമില്ലാതെ, എല്ലാവരും ഒരുമിച്ച് ചേരുന്ന ഒരു സംഘടനയായി അമ്മ വന്നാൽ മാത്രമേ അങ്ങനെയുള്ള എക്സിക്യൂട്ടീവ് കമ്മറ്റി വന്നാൽ മാത്രമേ അത് നന്നാവുകയുള്ളൂ. അമ്മയുടെ പ്രസിഡന്റായിട്ട് പുതിയ ആൾക്കാർ വന്നു എന്ന് പറഞ്ഞതുകൊണ്ടു മാത്രം എല്ലാം ശരിയാവണം എന്നില്ല. ഇത്ര നാൾ ഇതെങ്ങനെ മുന്നോട്ട് കൊണ്ടു പോയി എന്നും അല്ലെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നും വഴികാട്ടേണ്ട ഉത്തരവാദിത്തം മുതിർന്നവർക്കും ഉണ്ട്. നേതൃത്വ സ്ഥാനത്തേക്ക് വരുന്നതിനെക്കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. പ്രശ്നവും ഇതാണ് എല്ലാവരും ഇങ്ങനെ പറയുമെങ്കിലും ഈ സ്ഥാനങ്ങളിലേക്ക് വരാൻ എല്ലാവരും മടിച്ചു നിൽക്കുന്നു എന്നൊരു പ്രശ്നമുണ്ട്. ആരൊക്കെ അതിന് വേണ്ടി മുന്നിലേക്ക് വരും എന്ന് കണ്ടു തന്നെ അറിയണം.