'എന്റെ രാഷ്ട്രീയം മാനുഷിക മൂല്യങ്ങളാണ്, കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല'; കുഞ്ചാക്കോ ബോബന്‍

'എന്റെ രാഷ്ട്രീയം മാനുഷിക മൂല്യങ്ങളാണ്, കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല'; കുഞ്ചാക്കോ ബോബന്‍
Published on

കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല മാനുഷിക മൂല്യങ്ങളാണ് തന്റെ രാഷ്ട്രീയമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. മതവും രാഷ്ട്രീയവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്. എന്നാല്‍ എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഇന്ന് സാമൂഹിക നന്മയ്ക്ക് വേണ്ടി പൂര്‍ണമായും നിലകൊള്ളുന്നുവെന്ന് പറയാനാകില്ലെന്നും കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു. ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചത്.

കുഞ്ചാക്കോ ബോബന്‍ അടുത്തിടെ ചെയ്ത സിനിമകളില്‍ പലതും ശക്തമായ രാഷ്ട്രീയം പറയുന്നവയാണ്. അത്തരം സിനിമകള്‍ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുന്നതാണോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.

'എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, മാനുഷിക മൂല്യങ്ങളാണ്. അല്ലാതെ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളല്ല. മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ജനങ്ങളുടെ നന്മക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഇന്ന് സാമൂഹിക നന്മയ്ക്ക് വേണ്ടി പൂര്‍ണമായും നിലകൊള്ളുന്നുവെന്ന് പറയാനാകില്ല. മതമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും പരസ്പരം പോരടിക്കുന്ന കാഴ്ച്ച ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. തമ്മിലടിക്കുന്നതിന് പകരം സമൂഹത്തിന്റെ ഉന്നമനത്തിനായിട്ടായിരിക്കണം ഇവര്‍ നിലകൊള്ളേണ്ടത്. ഇത് നടക്കാതിരിക്കുമ്പോള്‍ പ്രത്യേക പക്ഷത്തേക്ക് ചായ്‌വ് പ്രകടിപ്പിക്കാതെ സിനിമയിലൂടെ രാഷ്ട്രീയം സംസാരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ ഉള്‍ചേര്‍ന്നതായിരിക്കണം ആ രാഷ്ട്രീയം. അല്ലാതെ മത-രാഷ്ട്രീയ-ജാതീയ ചായ്‌വുകളാവരുതെന്ന് മാത്രം.' - കുഞ്ചാക്കോ ബോബന്‍

അതേസമയം ഭീമന്റെ വഴിയാണ് റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 3നാണ് റിലീസ് ചെയ്യുന്നത്. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ. ഭീമന്റെ വഴിയില്‍ ചാക്കോച്ചന്റെ കഥാപാത്രം വളരെ വ്യത്യസ്തമാണെന്ന് സംവിധായകന്‍ അഷറഫ് ഹംസ ദ ക്യുവിനോട് പറഞ്ഞിരുന്നു. ചാക്കോച്ചന്‍ അത്ര മാന്യനല്ലെന്നാണ് അഷറഫ് ഹംസ പറഞ്ഞത്. ചിന്നു ചാന്ദ്‌നി, മേഘ തോമസ്, വിന്‍സി അലോഷ്യസ്, ശബരീഷ് വര്‍മ്മ, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, ദിവ്യ എം നായര്‍, ഭഗത് മാനുവല്‍, ആര്യ സലീ, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് കാമിയോ വേഷത്തില്‍ സിനിമയിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in