റോജിന്‍ തോമസിന്റെ സംവിധാനത്തിലെത്തിയ ചിത്രം 'ഹോം' മികച്ച കലാസൃഷ്ടിയെന്ന് കെ.ടി.ജലീല്‍. ഇന്ദ്രന്‍സ് അടക്കം ചിത്രത്തിലെ എല്ലാ നടീനടന്മാരും അവരുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തുവെന്നും കെ.ടി.ജലീല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആമസോണ്‍ പ്രൈമിലൂടെ റിലീസു ചെയ്ത ചിത്രം ഹോം മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നെല്‍സണ്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിജയ് ബാബുവാണ്.
'പുത്തന്‍ സാങ്കേതിക വിദ്യകള്‍ പഴയ തലമുറയെ അമ്പരപ്പിക്കുന്ന കാലത്ത് ജീവിക്കാന്‍ പ്രയാസപ്പെടുന്ന അച്ഛനമ്മമാരുടെ കഥയാണ് ഹോം പറയുന്നത്. കാണേണ്ട സിനിമയാണ്. അത് നമ്മുടെ കണ്ണ് നനയിക്കും, ഒപ്പം മനസ്സിലെവിടെയോ തുരുമ്പെടുത്ത് കിടക്കുന്ന നന്മയുടെ തലത്തെ പൊടിതട്ടിയെടുത്ത് ഓര്‍മ്മപ്പുറത്ത് എത്തിക്കുകയും ചെയ്യും. റോജിന്‍ തോമസ് എന്ന മിടുക്കന്‍ പയ്യന്‍ മലയാള സിനിമയെ കലാമൂല്യമുള്ള സൃഷ്ടികളാല്‍ ഇനിയും സമൃദ്ധമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട', കെ.ടി.ജലീല്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
''ഹോം'' എന്ന സിനിമ കണ്ടു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ച കലാസൃഷ്ടിയാണത്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ പഴയ തലമുറയെ അമ്പരപ്പിക്കുന്ന കാലത്ത് ജീവിക്കാന്‍ പ്രയാസപ്പെടുന്ന അച്ഛനമ്മമാരുടെ കഥയാണ് ഹോം പറയുന്നത്. നേട്ടങ്ങളുടെ പര്‍വ്വങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക് അതിന് കളമൊരുക്കിയ മനുഷ്യമുഖങ്ങളെ ഓര്‍മ്മിച്ചെടുക്കാന്‍ തീര്‍ച്ചയായും ഈ സിനിമ നിമിത്തമാകും. വായനാനുഭവം പോലെത്തന്നെയാണ് സിനിമാസ്വാദനവും. അവ കണ്ണിനും മനസ്സിനും മസ്തിഷ്‌കത്തിനും നല്‍കുന്ന കുളിര്‍മ അനിര്‍വചനീയമാണ്.
അഭിനയവും യാഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ എങ്ങിനെയാണ് തേഞ്ഞ്‌തേഞ്ഞ് ഇല്ലാതാകുന്നതെന്ന് 'ഹോം' സാക്ഷ്യപ്പെടുത്തുന്നു. ഇന്ദ്രന്‍സ് ഉള്‍പ്പടെ എല്ലാ നടീനടന്‍മാരും അവരവരുടെ വേഷങ്ങള്‍ നന്നായി ചെയ്തു. വിജയ് ബാബുവിന്റെ 'കൈപുണ്യം' ഒരിക്കല്‍കൂടി തെളിയുകയാണ് ഈ സിനിമയിലൂടെ. റോജിന്‍ തോമസ് എന്ന മിടുക്കന്‍ പയ്യന്‍ മലയാള സിനിമയെ കലാമൂല്യമുള്ള സൃഷ്ടികളാല്‍ ഇനിയും സമൃദ്ധമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
'ഹോം'' കാണേണ്ട സിനിമയാണ്. അത് നമ്മുടെ കണ്ണ് നനയിക്കും, ഒപ്പം മനസ്സിലെവിടെയോ തുരുമ്പെടുത്ത് കിടക്കുന്ന നന്മയുടെ തലത്തെ പൊടിതട്ടിയെടുത്ത് ഓര്‍മ്മപ്പുറത്ത് എത്തിക്കുകയും ചെയ്യും. പുതുതലമുറയുടെ അറിവിനൊപ്പം യാത്ര ചെയ്ത് വര്‍ത്തമാന പരിമിതികളെ അനായാസം മറികടക്കാമെന്ന് ഈ സിനിമ പറഞ്ഞുവെക്കുന്നു. അത്തരം കുടുംബങ്ങളുടെ എണ്ണം നമുക്കുചുറ്റും നാള്‍ക്കുനാള്‍ പെരുകി വരികയാണ്. കാലം രക്ഷകര്‍ത്താക്കളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്. തലമുറ മാറ്റം അസാദ്ധ്യമായ രാഷ്ട്രീയ ഇടനാഴികകളില്‍ തലച്ചോറെങ്കിലും മാറ്റിവെക്കാന്‍ ബന്ധപ്പെട്ടവര്‍ മുതിര്‍ന്നില്ലെങ്കില്‍ ന്യൂജെന്‍ അവരെ മാറ്റി പ്രതിഷ്ഠിക്കുമെന്ന മുന്നറിയിപ്പുകൂടി തരാതെ തരുന്നുണ്ട് പുതുതലമുറക്കാരനായ റോജിന്‍ തോമസ്. ഹോമിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാ കലാകാരന്‍മാര്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍.