കൃഷ്ണേന്ദു കലേഷിന്റെ 'പ്രാപ്പെട' റോട്ടര്‍ഡാം ഫെസ്റ്റിവലില്‍

കൃഷ്ണേന്ദു കലേഷിന്റെ 'പ്രാപ്പെട' റോട്ടര്‍ഡാം ഫെസ്റ്റിവലില്‍
Published on

സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷിന്റെ ചിത്രം 'പ്രാപ്പെട' റോട്ടര്‍ഡാം ഫിലിം ഫസ്റ്റിവലിലേക്ക്. ചിത്രം ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം കലേഷ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 'എന്റെ പ്രഥമ ചിത്രം 'പ്രാപ്പെട' റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ടിവലിലേക്കുള്ള ഔദ്യോഗിക എന്‍ട്രി ആയി പ്രഖ്യാപിച്ചരിക്കുന്ന വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ' എന്നാണ് കലേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

കൃഷ്‌ണേന്ദു കലേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ആദ്യദിവസം മുതല്‍ ഈ ചിത്രത്തോടും എന്നോടുമൊപ്പം തോള്‍ചേര്‍ന്നു സഞ്ചരിച്ച നിര്‍മ്മാതാവായ ജയനാരായണനോടുള്ള നന്ദി ആദ്യമേ അറിയിക്കട്ടെ. വിറങ്ങലിച്ച ആദ്യ കോവിഡ് കാലത്തു ഷൂട്ട് തുടങ്ങിയ ശേഷം ഇന്ന് വരെയുള്ളതു ദീര്ഘമായൊരു യാത്രയായിരുന്നു എന്നതും അതിന്റെ ഉയര്‍ച്ചതാഴ്ചകളും ജയനറിയാം. ഒപ്പം തന്നെ ആദ്യം മുതല്‍ക്കെ നിര്‍മ്മാണത്തിലും ക്രിയാത്മകതയിലും സ്വന്തം സിനിമയായി കണ്ടു കൂടെനിന്ന ക്യാമറാമാന്‍ മനേഷ് മാധവനും സംഘവും, പ്രിയസുഹൃത്തും എഡിറ്ററുമായ കിരണ്‍ ദാസ്, പലവൈദഗ്ധ്യത്തിലുള്ള വിഷ്വല്‍ ഇഫക്ട് ചെയ്തു ബ്രദര്‍ലി ആയി മാറിയ തൗഫീഖ്, റഫ് എഡിറ്റ് കണ്ടതിനു ശേഷം സന്തോഷത്തോടെയും ക്ഷമയോടെയും സഹകരിച്ച ബിജിയേട്ടന്‍, എല്ലാക്കാലവും എല്ലാ പദ്ധതികളിലും ചേര്‍ന്ന് നിന്ന കൂട്ടുകാരന്‍-നടന്‍ നിതിന്‍, സിനിമക്കായി സകല റിസ്‌കും ഏറ്റെടുത്തു കോവിഡു കാലത്തു പൂനെയില്‍ നിന്നും എത്തിച്ചേര്‍ന്നു ഷൂട്ട് തീരുന്നത് വരെ സന്തോഷത്തോടെ സഹകരിച്ച നടി കേതകി, ഓടിവന്നു തന്റെ എല്ലാ എനര്‍ജിയും സിനിമക്കായി തന്ന വിചിത്രമനുഷ്യന്‍ രാജേഷ് മാധവന്‍, പ്രകൃതിയില്‍ ഉള്ള മെറ്റീരിയല്‍സ് കൊണ്ട് വീടിനെ കഥാപാത്രമാക്കിയ കലാസംവിധായകന്‍ ഇന്ദുലാലും സംഘവും, സിനിമയുടെ ക്രിയാത്മകമായ കാര്യങ്ങളില് ചേര്‍ന്ന്‌നിന്ന് സഹകരിച്ച മള്‍ട്ടി കഴിവുകളും സ്‌നേഹവുമുള്ള സുഹൃത്ത് മിഥുന്‍ മുരളി, നാട്ടുകാരനും സംവിധാനസഹായിയുമായ അമല്‍, ആദ്യചര്‍ച്ചകളില്‍ സജീവമായിരുന്ന എഴുത്തുകാരന്‍ വിവേക് ചന്ദ്രന്‍, സുഹൃത്തും ശബ്ദവിഭാഗവും കൈകാര്യം ചെയ്ത നിതിന്‍ ലൂക്കോസ്, വളരെ പെട്ടെന്ന് കഥാപാത്രയോഗ്യമായ സ്‌റ്റൈലിംഗ് ചെയ്തു തന്ന ഗായത്രി, അവരുടെ ചുറുചുറുക്കുള്ള അസിസ്റ്റന്റുമാര്‍, സെറ്റിലെ സംസാരപ്രിയനും സഹൃദയനുമായ നടന്‍ -rj മനോ അളിയന്‍, വര്‍ക്കേഴ്‌സിന്റെ ചെറുവേഷം അഭിനയിക്കാനായി വന്നു ഞെട്ടിച്ച പിള്ളേരുകള്‍, നാടിനെ-വലിയൊരു എസ്റ്റേറ്റിനെ ഡിസ്‌കവര്‍ ചെയ്യാന്‍ സഹായിച്ച കണ്‍ട്രോളര്‍ രാജേന്ദ്രന്‍, സഹായങ്ങളുമായി കൂടെ നിന്ന കെന്നി, ദിനക്, പിന്നെ ഷോര്‍ട് നൊട്ടീസില്‍ വന്നു വിസ്മയകരമായി അഭിനയിച്ച നീന കുറുപ്പ്, ശ്രീകാന്ത് പങ്ങപ്പാട്ട് തുടങ്ങിയവര്‍, ഒടുവിലായി സിനിമയുടെ ഭാഗമായ മിക്‌സര്‍ പ്രശാന്ത്, സൗണ്ട് എഡിറ്റര്‍ ഷമീര്‍, സബ് ചെയ്ത പരിപ്പായിയും ശ്യാമും, പരസ്യകലാകാരനായ പ്രതൂല്‍ തുടങ്ങിയവര്‍ അങ്ങനെ ധാരാളം പേരുകള്‍. ഒപ്പം പ്രീവ്യൂ കണ്ടു ആശാവഹമായ പ്രതികരണങ്ങളും, ക്രിയാത്മകമായ ഫീഡ്ബാക്കുകളും നല്‍കിയ തിരക്കഥാകൃത്തുക്കളായ പി എഫ് മാത്യൂസ്, സാബ് ജോണ്‍, ശ്യാംപുഷ്‌ക്കരന്‍, ജയന്‍ ചെറിയാന്‍, റോബി കുര്യന്‍ അവരോടൊക്കെയും ഈ സന്തോഷം പങ്കുവെക്കുന്നു.

അതേസമയം, 2020ലെ ലോക്ക്ഡൗണില്‍ ആണ് പ്രാപ്പെട സംഭവിക്കുന്നതെന്ന് കലേഷ് ദ ക്യുവിനോട് പറഞ്ഞിരുന്നു്. ലോക്ക്ഡൗണില്‍ സുഹൃത്തുക്കളായ സിനിമാക്കാരെല്ലാം വെറുതെ ഇരിക്കുകയും, പെട്ടെന്നൊരു ചിന്ത വരുകയും, ആ ചിന്തയുടെ പുറത്ത് വളരെ ഒറ്റപ്പെട്ട സ്ഥലത്ത് ഷൂട്ട് ചെയുകയും ചെയ്ത ഒരു സിനിമയാണ് പ്രാപ്പെട. ഒരുമാസംകൊണ്ടാണ് സിനിമ സംഭവിക്കുന്നത്.

'പ്രാപ്പെട ' എന്നത് സമയ/സ്ഥല റഫറന്‍സുകളില്ലാതെ, ക്രമരഹിതമായ ഒരു ഡിസ്റ്റോപ്പിയന്‍ ഭാവിയില്‍ ഒരുക്കിയ ഫാന്റസി സിനിമയാണ്. 'Hawk's Muffin' എന്ന തലക്കെട്ട് അകലെ ആകാശത്ത് ഒരു യുദ്ധവിമാനത്തില്‍ നിന്ന് ആറ്റം ബോംബ് ഇടുന്നതിന്റെ പ്രതീകമാണ്. ഇത് രാഷ്ട്രീയവും ചരിത്രപരവുമായ കോണ്ടെക്സ്റ്റുകള്‍ ഉള്ളൊരു ആഖ്യാനമാണ്. ഇതില്‍ യുദ്ധം, സ്നേഹം, കൊതി, അത്യാഗ്രഹം, അഭയാര്‍ത്ഥികള്‍, മുതലാളിത്തം, ഇക്കോ ഫാസിസം എന്നീ വിഷയങ്ങളെ പല ലേയറുകളിലായി കേന്ദ്രീകരിച്ചിട്ടുണ്ട്. അതിന്റെ രൂപത്തിലും ദൃശ്യപരമായ സമീപനത്തിലും ഇത് ഒരു പരീക്ഷണാത്മക വിവരണമാണ്. ഇതിന് വളരെ കുറച്ച് ഡയലോഗുകളേ ഉള്ളൂ. കൂടാതെ സാര്‍വത്രിക കാഴ്ചക്കാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന വിഷ്വല്‍ സൂചകങ്ങള്‍ അടങ്ങിയിരിക്കുന്നു. ശൈലിയില്‍ തരംതിരിക്കുന്നതിന് ഞാന്‍ വ്യക്തിപരമായി ഇതിനെ ഒരു ഹൈബ്രിഡ് ഫിലിം എന്ന് വിളിക്കുമെന്നും കലേഷ് വ്യക്തമാക്കിയിരുന്നു.

കൃഷ്ണേന്ദു കലേഷിന്റെ 'പ്രാപ്പെട' റോട്ടര്‍ഡാം ഫെസ്റ്റിവലില്‍
പ്രാപ്പെട ഒരു ഫാന്റസി സിനിമ | Krishnendu Kalesh | Interview

Related Stories

No stories found.
logo
The Cue
www.thecue.in