എത്ര അഭിനയിച്ചാലും പോരാ പോരാ എന്ന് തോന്നും, അത് ദൈവം തന്ന വരമാണെന്ന് തോന്നുന്നു...

എത്ര അഭിനയിച്ചാലും പോരാ പോരാ എന്ന് തോന്നും, അത് ദൈവം തന്ന വരമാണെന്ന് തോന്നുന്നു...
Published on

അഭിനയം നിര്‍ത്തിക്കൂടേ, വീട്ടില്‍ വിശ്രമിച്ചൂടെ എന്ന് പറയുന്ന ആള്‍ക്കാരെക്കാള്‍ കൂടുതല്‍ ചേച്ചി ഇപ്പഴും അഭിനയിക്കുന്നുണ്ടല്ലോ, സ്മാര്‍ട്ട് ആണല്ലോ എന്ന് പറയുന്നവരെ കാണുമ്പോള്‍ ഒരു സിനിമ കൂടി ചെയ്യാം, ഒരു സീരിയല്‍ കൂടി ചെയ്യാം എന്ന് തോന്നും. എത്ര അഭിനയിച്ചാലും പോരാ പോരാ എന്ന് തോന്നും. കുറച്ച് കൂടി നന്നാക്കാം എന്ന് തോന്നും. ദൈവം തന്ന ഒരു വരമാണെന്ന് തോന്നുന്നു അത്.

കെ.പി.എ.സി ലളിത

2021 ജനുവരിയില്‍ ബിഹൈന്‍ഡ് വുഡ്സ് അഭിമുഖത്തില്‍ കെ.പി.എ.സി ലളിത അഭിനയത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. മഹേശ്വരിയെന്ന കുട്ടി അഭിനേതാവില്‍ നിന്ന് കെപിഎസി ലളിതയെന്ന മുതിര്‍ന്ന അഭിനേതാവായി മാറിയപ്പോഴും ലളിതയ്ക്ക് അഭിനയത്തോടുള്ള അഭിനിവേശം ഒരിക്കലും വിട്ടുപോയില്ല. കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ചെയ്യണമെന്നാഗ്രഹിച്ച കെപിഎസി ലളിത 2022 ജനുവരി രണ്ടാം വാരമായപ്പോഴേക്കും ഓര്‍മ്മകള്‍ മാഞ്ഞ് അഭിനയത്തിലേക്ക് ഇനി മടങ്ങിവരാനാകുമോ എന്ന് നിശ്ചയമില്ലാതെ വിശ്രമത്തിലായിരുന്നു.

റീടേക്ക് ഉണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കും

ഫിലിമില്‍ ഷൂട്ട് ചെയ്യുന്ന കാലം മുതല്‍ക്കേ റീ ടേക്ക് ഉണ്ടാകരുതേ എന്ന് ആഗ്രഹിക്കാറുണ്ട്. പുതിയ ഓരോ സിനിമ ചെയ്യുമ്പോഴും ടെന്‍ഷന്‍ ഉണ്ടാകാറുണ്ടെന്ന് കെപിഎസി ലളിത പറയാറുണ്ട്. പുതിയ തലമുറയിലെ അഭിനേതാക്കളുടെ ഒപ്പം അഭിനയിക്കുമ്പോഴൊക്കെ ചെറിയ ടെന്‍ഷനുണ്ടാകും. അഭിനയത്തിന്റെ ശൈലിയൊക്കെ മാറി വരുന്നതിന്റെ വെപ്രാളമാകാം, അല്ലെങ്കില്‍ നമ്മുടേത് പഴയ അഭിനയമായിപ്പോയോ എന്ന ചിന്തയാകാം.

ഫസ്റ്റ് ഷോട്ട് എടുക്കുമ്പോള്‍ തന്നെ ഇനി ഇത് വീണ്ടും എടുക്കേണ്ടി വരരുതേ എന്ന് ആഗ്രഹിക്കും. പണ്ട് മുതല്‍ക്കേ റീ ടേക്ക് എടുക്കുന്നത് വിഷമമാണ്.

കായംകുളത്തെ ഒരു പരമ്പരാഗത കുടുംബത്തില്‍ നിന്നാണ് മഹേശ്വരി നാടകക്കളരിയിലെത്തുന്നത്. ഫോട്ടോഗ്രാഫറും ചിത്രകാരനുമായ അച്ഛനാണ് മകള്‍ മഹേശ്വരിയെ നൃത്തം അഭ്യസിക്കാനായി ചേര്‍ക്കുന്നത്. ക്ലാസ് ടീച്ചറാണ് മഹേശ്വരിയെ സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിക്കുന്നത്.

ഭവാനിയമ്മ ടീച്ചറുടെ നിര്‍ബന്ധത്തിലാണ് പെരുന്ന ലീലാമ്മ ടീച്ചറുടെ അടുത്ത് നൃത്തം അഭ്യസിക്കാന്‍ അയക്കുന്നത്. ചേച്ചിയാണ് സ്‌കൂളിലേക്ക് വേണ്ടി നൃത്തം പഠിപ്പിക്കുന്നത്. സ്‌കൂളില്‍ സമ്മാനം കിട്ടിയപ്പോള്‍ ചേച്ചി അച്ഛനെ വിളിച്ച് മോളെ നൃത്തം പഠിപ്പിക്കണമെന്ന് പറഞ്ഞു. പിന്നീട് മൂന്ന് കൊല്ലം ഗുരുകുലവിദ്യാഭ്യാസമായി നൃത്തം പഠിച്ചു. ചങ്ങനാശേരി ഗീത ആര്‍ട്സിന്റെ ബലി എന്ന നാടകത്തില്‍ നര്‍ത്തകിയായി അരങ്ങേറ്റം. ആരവിടെ കൊട്ടാരം നര്‍ത്തകിയെ വിളിക്കൂ എന്ന് പറയുമ്പോള്‍ വേദിയിലേക്ക് നൃത്തവുമായി എത്തുന്നതതായിരുന്നു തന്റെ ആദ്യ രംഗമെന്ന് കെ.പി.എ.സി ലളിത.

അറുപതോളം നാടകങ്ങള്‍ക്ക് ശേഷമാണ് കെ.പി.എ.സിയില്‍ ചേക്കേറണമെന്ന ആഗ്രഹം കലശലായതെന്ന് ലളിത. ബന്ധുക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പായിരുന്നു നാടകരംഗത്തെത്തിയപ്പോള്‍. പെണ്‍മക്കള്‍ കൂടുതലാണെങ്കില്‍ കടലില്‍ കൊണ്ട് താഴ്ത്തെടാ എന്ന് അച്ഛനോട് പറഞ്ഞ ബന്ധുകള്‍ വരെയുണ്ട്. നാടകക്കാരി എന്നത് അധിക്ഷേപമായി കണ്ട സമയം കൂടിയായിരുന്നു അന്ന്. പി.ജെ ആന്റണി, എസ്.എല്‍ പുരം സദാനന്ദന്‍ എന്നീ ആചാര്യന്‍മാരുടെ ശിക്ഷണം തനിക്ക് അഭിനയത്തില്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് കെ.പി.എ.സി ലളിത പറഞ്ഞിരുന്നു.

അതായിരുന്നു എന്റെ ഓസ്‌കാര്‍

സുകുമാരിയുമായി തീവ്രമായ ആത്മബന്ധം കെപിഎസി ലളിതക്കുണ്ടായിരുന്നു. സുകുമാരിയുടെ പേരിലുള്ള ആദ്യത്തെ പുരസ്‌കാരം ലഭിച്ചത് ഓസ്‌കാറിനെക്കാള്‍ വലിയ ആദരമായിരുന്നുവെന്ന് കെപിഎസി ലളിത പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമയിലെ സംവിധായകനും സിനിമാ അഭിനയത്തില്‍ ആദ്യം ശിക്ഷണം നല്‍കുകയും ചെയ്ത സേതുസാറില്‍ നിന്ന് ഈ പുരസ്‌കാരം വാങ്ങാനായത് മഹാഭാഗ്യമായിരുന്നു.

കൂട്ടുകുടുംബം എന്ന ആദ്യ സിനിമയെക്കുറിച്ച് ലളിത പറഞ്ഞത് ഇങ്ങനെ:

സിനിമ എന്താണെന്ന് അറിയില്ല, സിനിമയില്‍ കൂടുതല്‍ പേരെ പരിചയവുമില്ല. സേതുമാധവന്‍ എന്ന സംവിധായകന്‍ ചൂടനാണെന്നും തെറ്റിച്ചാല്‍ വഴക്കുപറയുമെന്നൊക്കെ ആരൊക്കെയോ പറഞ്ഞിരുന്നു. ഇതൊക്കെ കേട്ടപ്പോള്‍ എന്റെ ഉറക്കം പോയി. അന്ന് കൂടെ വന്നത് അച്ഛനാണ്. അച്ഛാ എനിക്ക് സിനിമ ചെയ്യണ്ട, നമ്മുക്ക് നാടകം മതിയെന്ന് പറഞ്ഞു. രാവിലെ തന്നെ ഞാന്‍ സേതുസാറിനെ ചെന്ന് കണ്ടു. നേരെ പോയി കാലില്‍ വീണു, സാറേ എന്നെ അങ്ങ് പറഞ്ഞുവിടണമെന്ന് പറഞ്ഞു. സേതു സാര്‍ പറഞ്ഞു കുഴപ്പമില്ല, തീരെ പറ്റില്ലെങ്കില്‍ വിടാം, നമ്മുക്ക് നോക്കാമെന്ന് സാര്‍ പറഞ്ഞു.

ലളിതക്ക് മുറത്തില്‍ അരി വീശാനറിയാമോ എന്ന് സേതുസാര്‍ പറഞ്ഞു. ക്യാമറയില്‍ നോക്കണ്ട, അരി വീശൂ എന്ന് സേതു സാര്‍ പറഞ്ഞു. കല്ലുണ്ടെങ്കില്‍ അരിയില്‍ നിന്ന് പെറുക്കിക്കള എന്ന് പറഞ്ഞു. ഇനി എന്നെ ഒന്ന് നോക്ക് എന്ന് സേതു സാര്‍ പറഞ്ഞു. ഞാന്‍ എടുത്തില്ല എന്ന് ഒന്ന് പറഞ്ഞേ എന്ന് സേതു സാര്‍. ഇതായിരുന്നു സിനിമയിലെ എന്റെ ഫസ്റ്റ് ഷോട്ട്. മൂന്ന് സീന്‍ എടുത്ത ശേഷം സേതു സാര്‍ ചോദിച്ചു. ഇപ്പോ പേടി മാറിയോ, വേറെ ആളെ വിളിക്കണോ എന്ന് ചോദിച്ചു. ഇത്രയേ ഉള്ളൂ, നമ്മുക്ക് ഇനി ധൈര്യമായി ചെയ്തൂടെ എന്ന് സേതുസര്‍ ചോദിച്ചു. അങ്ങനെ എനിക്ക് ധൈര്യം തന്ന് ഒരു കൊച്ചുകുഞ്ഞിനെ പോലെ എന്നെ കൂടെ നിന്ന് അഭിനയിപ്പിച്ച ആളാണ് സേതുമാധവന്‍ സാര്‍. അദ്ദേഹമാണ് എന്റെ ഗുരു.

Related Stories

No stories found.
logo
The Cue
www.thecue.in