കെപിഎസി ലളിത അന്തരിച്ചു

കെപിഎസി ലളിത അന്തരിച്ചു
Published on

മലയാളത്തിന്റെ അഭിനയ വിസ്മയം കെപിഎസി ലളിത(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോ​ഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്തരിച്ച പ്രശ്സ്ത സംവിധായകൻ ഭരതനാണ് കെപിഎസി ലളിതയുടെ ഭർത്താവ്. സംവിധായകനും നടനുമായി സിദ്ധാർഥ് ഭരതനും ശ്രീക്കുട്ടിയുമാണ് മക്കൾ.

നാടകത്തിലൂടെയാണ് ലളിത തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലിയാണ് ആദ്യ നാടകം. ഗീഥി, എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിൽ എത്തുന്നത്. അവിടെ ​ഗായികയായാണ് തുടക്കം. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അന്ന് തോപ്പിൽ ഭാസിയാണ് മഹേശ്വരിയമ്മയെ ലളിതയെന്ന് വിളിക്കുന്നത്.

1970ലെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ ലളിത സിനിമയിൽ അരംങ്ങേറ്റം കുറിച്ചു. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയാണ് ലളിത അവതരിപ്പിച്ചത്. പിന്നീട് സിനിമയിൽ സജീവമായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായും പ്രവർത്തിച്ചു.

നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് ലളിതയുടെ പ്രധാന ചിത്രങ്ങൾ.

1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിന് അടുത്ത് രാമപുരത്താണ് മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ. രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. ഏഴാം ക്ലാസിൽ വെച്ച് ലളിക ലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. പിന്നീട് പഠനം മുടങ്ങുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in