പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റും' 'ലാപതാ ലേഡീസും' ഓസ്കറിൽ മത്സരിക്കുന്നത് ഇന്ത്യയിലെ സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണെന്ന് സംവിധായിക കിരൺ റാവു. ലാപതാ ലേഡീസ് ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് സന്തോഷമുള്ള കാര്യമാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കും ഓസ്കാർ എൻട്രിക്ക് വേണ്ടി നടന്നിട്ടുണ്ടാകുക. കാരണം അത്രയധികം നല്ല സിനിമകൾ ഇത്തവണ എൻട്രിക്ക് വേണ്ടി വന്നിരുന്നു. പായൽ കപാഡിയയയുടെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ് ഒന്ന്. 'ആട്ടം' എന്ന സിനിമയെ കുറിച്ചും മികച്ച അഭിപ്രായമാണ് കേട്ടത്. 29 മികച്ച സിനിമകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ലാപതാ ലേഡീസ് സെലക്ട് ആയതിന് പ്രത്യേക കാരണങ്ങൾ ഉണ്ടായിരുന്നിരിക്കണമെന്നും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ കിരൺ റാവു പറഞ്ഞു.
കിരൺ റാവു പറഞ്ഞത്:
ലാപതാ ലേഡീസ് ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ എൻട്രി ആയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. സിനിമ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ സന്തോഷമുണ്ടായി. വളരെ ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായിരിക്കും ഓസ്കാർ എൻട്രിക്ക് വേണ്ടി നടന്നിട്ടുണ്ടാകുക. കാരണം അത്രയധികം നല്ല സിനിമകൾ ഇത്തവണ എൻട്രിക്ക് വേണ്ടി വന്നിരുന്നു. പായൽ കപാഡിയയയുടെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ് ഒന്ന്. മികച്ച അഭിപ്രായം കേട്ട മറ്റൊരു സിനിമയാണ് 'ആട്ടം'. അങ്ങനെ മികച്ച 29 സിനിമകളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഞങ്ങളുടെ സിനിമ തിരഞ്ഞെടുക്കുന്നതിന് അവർക്ക് പ്രത്യേക കാരണങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാകും. പായലിന്റെ സിനിമ ഗ്രേറ്റ് മികച്ചതാണെന്നുള്ളതിൽ എനിക്ക് ഒരു സംശയവുമില്ല. ഓസ്കാർ പുരസ്കാരങ്ങളിലെ പ്രധാന കാറ്റഗറിയിൽ എല്ലാം പായലിന്റെ ചിത്രം മത്സരത്തിനുണ്ടാകും. ഇന്ത്യയിലെ സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണിത്.
ഓസ്കാർ അക്കാദമി പുരസ്‌കാരങ്ങൾക്ക് വേണ്ടി ഈ വർഷം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് സിനിമയെ ഓസ്കാർ അവാർഡിലേക്കുള്ള എൻട്രിയായി തിരഞ്ഞെടുത്തത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ആടുജീവിതവും ദേശിയ അവാർഡ് സ്വന്തമാക്കിയ ആട്ടവുമായിരുന്നു ഓസ്കാർ എൻട്രിക്കുള്ള അവസാന റൗണ്ടിലെത്തിയ മലയാള സിനിമകൾ. കാൻസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്‌കാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന പായൽ കപാഡിയയുടെ സിനിമയും ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്നു. അനിമൽ , കിൽ, കൽക്കി 2898 എഡി, ശ്രീകാന്ത്, ചന്ദു ചാമ്പ്യൻ, മൈതാൻ, സാം ബഹദൂർ എന്നിവയാണ് അവസാന റൗണ്ടിൽ ജൂറിയുടെ മുൻപിൽ വന്ന മറ്റ് ചിത്രങ്ങൾ. 13 അംഗ ജൂറിയാണ് ലാപതാ ലേഡീസിനെ എൻട്രിയായി തിരഞ്ഞെടുത്തത്.