ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ ചിത്രം കെ.ജി.എഫ് 2. റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ക്കകം ചിത്രം 1000 കോടി കളക്ഷന്‍ നേടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 100 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സല്‍മാന്‍ ഖാന്റെ ബജ്രംഗി ബായ്ജാന്‍ എന്ന ചിത്രത്തെ പിന്നിലാക്കി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കോര്‍ഡുള്ള നാലാമത്തെ സിനിമയായി കെ.ജി.എഫ് മാറി. അതിന് മുമ്പ് രാജ്കുമാര്‍ ഹിരാനിയുടെ അമീര്‍ ഖാന്‍ ചിത്രം പി.കെ, ഹിരാനിയുടെ തന്നെ സഞ്ജു, അലി അബ്ബാസ് സഫറിന്‍റെ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേ എന്നീ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകളും കെ.ജി.എഫ് 2 മറികടന്നു. എസ്.എസ് രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. ഇപ്പോള്‍ തന്നെ ചിത്രം 1115 കോടി നേടിക്കഴിഞ്ഞു. ഇനി കെ.ജി.എഫിന് മുന്നിലുള്ളത് ആര്‍.ആര്‍.ആര്‍, ബാഹുമലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ്.
കെ.ജി.എഫ് ആദ്യഭാഗം 2018ലാണ് റിലീസ് ചെയ്തത്. സാധാരണ ഒരു കന്നഡ ചിത്രം എന്ന രീതിയില്‍ റിലീസ് ചെയ്യാമെന്ന് പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മാതാവായ വിജയ് കിരഗണ്ടൂരിനും നായകന്‍ യഷിനുമാണെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ നേരത്തെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.
യഷിന് പുറമെ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്‍, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നു.