ഇത് ചരിത്രം; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 160 ചിത്രങ്ങൾ മത്സരിക്കുന്നത് ചരിത്രത്തിലാദ്യം

ഇത് ചരിത്രം; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 160 ചിത്രങ്ങൾ മത്സരിക്കുന്നത് ചരിത്രത്തിലാദ്യം
Published on

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകൾ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് 160 സിനിമകൾ സംസ്ഥാന പുരസ്കാരങ്ങൾക്ക് വേണ്ടി മത്സരിക്കുന്നത്. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രാഥമികസമിതികൾ 80 സിനിമകൾ വീതം കണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങൾ അന്തിമജൂറി വിലയിരുത്തി പുരസ്കാരം പ്രഖ്യാപിക്കും.

കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയറ്ററിലും എൽ.വി. പ്രസാദ് തിയറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് പകുതിയോടെ അവാർ‌ഡുകൾ പ്രഖ്യാപിച്ചേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ. പ്രാഥമികസമിതി ചെയർമാൻമാരായ പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർ മുഖ്യജൂറിയിലും അംഗങ്ങളാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.

ഒന്നാം ഉപസമിതിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ. രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌സൺ), ഡോ. ജോസ് കെ. മാനുവൽ, ഡോ. ഒ.കെ. സന്തോഷ് (അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്നു. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മെമ്പർ സെക്രട്ടറിയാണ്.

ആരാണ് സുധീര്‍ മിശ്ര?:

1987- ൽ യേ വോഹ് മൻസിൽതോ നഹി എന്ന ചിത്രത്തിലൂടെ മികച്ച നവാഗതനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി സംവിധായകനാണ് സുധീര്‍ മിശ്ര. അദ്ദേഹത്തിന്റെ ദേശിയ പുരസ്കര വിജയ ചിത്രങ്ങളായ ധാരാവി, അടിയന്തരാവസ്ഥ കാലത്തെ മൂന്ന് ആദർശവാദികളായ യുവാക്കളുടെ കഥ പറയുന്ന 2003-ൽ പുറത്തിറങ്ങിയ ഹസാരോൺ ഖ്വയ്‌ഷെയിൻ ഐസി തുടങ്ങിയ ചിത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. 2010- ൽ ഷെവലിയർ ഓഫ് ദി ഓർഡ്രെ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് നൽകി ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in