'ചലച്ചിത്ര അവാർഡിൽ മാറ്റമില്ല'; റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി ഡിവിഷന്‍ ബെഞ്ച്

'ചലച്ചിത്ര അവാർഡിൽ മാറ്റമില്ല'; റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി ഡിവിഷന്‍ ബെഞ്ച്
Published on

2022 ലെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജി ഹെെക്കോടതി സിം​ഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച് അപ്പീലിലാണ് സിം​ഗിൾ ബെഞ്ചിനെ ശരി വയ്ക്കുന്ന തരത്തിൽ ഹർജിയിൽ ഇടപെടാൻ കാരണമില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്. സിനിമയുടെ നിർമാതാവ് എന്തുകൊണ്ട് ഹ​ർജിയുമായി എത്തിയില്ല എന്നും കോടതി ചോ​ദിച്ചു.

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപെട്ടു എന്ന ജൂറി അം​ഗങ്ങൾ തന്നെ ആ​രോപണം ഉന്നയിട്ട ഘട്ടത്തിലാണ് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് മുല്ലേഴത്ത് അവാർഡ് നിർണ്ണയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ ഹർജി സമർപ്പിച്ചത്. രഞ്‍ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സംവിധായകന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയത്. ജൂറി അംഗങ്ങൾക്ക് പരാതയുണ്ടെങ്കിൽ അവർക്കു തന്നെ നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തെളിവ് ഹാജരാക്കാൻ ഹർജിക്കാരൻ സാവകാശം അഭ്യര്‍ഥിച്ചപ്പോള്‍ ഇതെല്ലാം ഹർജി സമർപ്പിക്കുമ്പോൾ വേണമായിരുന്നു എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു.

അവാർഡ് നിർണ്ണയം റദ്ദാക്കണമെന്നും മറ്റൊരു സമിതിയെ ഉൾപ്പെടുത്തി അവാർഡി നിർണ്ണയം നടത്തണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. അവാർഡി നിർണ്ണയ സമിതിയുടെ തീരുമാനമായിരുന്നതു കൊണ്ടു തന്നെ ഇതിൽ ഇടപെടേണ്ടതില്ലെന്നായിരുന്നു നേരത്തെ ഹെെക്കോടതി സിം​ഗിൾ ബെഞ്ച് പറഞ്ഞത്. എന്നാൽ ഹർജിയിലെ വസ്തുതകൾ ശരിയായി വിലയിരുത്താതെയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്നു അപ്പീലിൽ പറയുന്നു.

പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം. സംവിധായകന്‍ വിനയനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടലുകളുണ്ടായി എന്ന ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിനെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കന്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടു എന്നതായിരുന്നു വിനയന്റെ ആരോപണം. ഇതിനെ തുടര്‍ന്ന് ജൂറിയെ സ്വാധീനിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു എന്ന് തെളിയിക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ രേഖയും വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in