പുതിയ സിനിമളുടെ ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ ഫിലിം ചേംബര്‍. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും, വെല്ലുവിളിച്ച് സിനിമകള്‍ ചെയ്യുന്നവരുമായി സഹകരിക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ മുമ്പോട്ട് പോകുന്ന ചിത്രങ്ങള്‍ നിലവിലെ വാണിജ്യ വ്യവസായ പരിഗണനയും പരിരക്ഷും ആവശ്യമില്ലാത്തവയായി കാണേണ്ടി വരുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വെല്ലുവിളികളോ ശക്തി പരീക്ഷിക്കാനുള്ള ഇടമോ അല്ല സിനിമ വ്യവസായം എന്ന് മനസിലാക്കിയാല്‍ കൊള്ളാം. വെല്ലുവിളിച്ച് എടുക്കുന്ന സിനിമ കാണേണ്ട എന്ന് പ്രേക്ഷകര്‍ തീരുമാനിച്ചാല്‍, ഈ വ്യവസായത്തിനും അതില്‍പ്പെട്ടവര്‍ക്കും മാത്രമാണ് നഷ്ടമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:
"കോവിഡ് 19 എന്ന മഹാമാരി നേരിടുന്ന ഈ ലോകത്ത്, ഏറ്റവും സങ്കീര്‍ണമായ വ്യവസായത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ ഈ മേഖലയിലെ ഓരോ സഹോദരങ്ങളുടെയും ആശങ്ക ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനാണ് കേരളാ ഫിലിം ചേംബര്‍ ശ്രമിച്ചിട്ടുള്ളത്. ഏറ്റവും ആദ്യം അടയ്ക്കുകയും എന്ന് തുറന്ന് പ്രവര്‍ത്തിക്കാനാകും എന്ന് നിശ്ചയം ഇല്ലാതെ ഭയചിതകിരായി കഴിയുന്ന ഓരോ സിനിമ പ്രവര്‍ത്തകനും മനസ്സില്‍ ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്തയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.
പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങേണ്ട എന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൈകൊണ്ട ഒരു തീരുമാനത്തെ ഏതാനും ചിലര്‍ വെല്ലുവിളികളുമായ് നേരിടുന്ന ഒരു സാഹചര്യത്തെയാണ് നാം കണ്ടത്. എന്തുകൊണ്ട് ചലച്ചിത്ര നിര്‍മ്മാണം തത്കാലം തുടങ്ങേണ്ട എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു എന്നത് ഒന്നന്വേഷിക്കുക പോലും ചെയ്യാതെ ഇത്തരം പ്രവര്‍ത്തികള്‍ വേദനാജനകമാണ്.
ഒരു സിനിമയുടെ ടൈറ്റില്‍ ഉള്‍പ്പെടെ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത്, അതിന്റെ സാമ്പത്തിക വശങ്ങളടങ്ങുന്ന പ്രൊജക്റ്റ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ സമര്‍പ്പിച്ച്, അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഈ വ്യവസായം, സിനിമ നിര്‍മ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പ്രദര്‍ശിപ്പിക്കുന്നവരുടെയും താല്പര്യങ്ങള്‍ മാത്രമല്ല അഭിനയിക്കുന്ന താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും തൊഴില്‍പരവും സാമ്പത്തിക സംരക്ഷണവുമാണ് നല്‍കി പോവുന്നത്.
ഈ വ്യവസായത്തിന് കാലാകാലങ്ങളില്‍ സര്‍ക്കാരുകളില്‍ നിന്നും വേണ്ട സംരക്ഷണം ലഭിക്കാറില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് തന്നെയാണ് നമ്മള്‍ ഈ വ്യവസായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പ്രൊജക്റ്റ് സമര്‍പ്പിച്ച ശേഷം നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് പ്രഥമ പരിഗണന തിയേറ്റര്‍ റിലീസ് എന്നു തന്നെയാണ്. അതിന് ഈ കാലമത്രയും ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. കാരണം പ്രേക്ഷകമനസ്സുകള്‍ കീഴടക്കി താരങ്ങളും സംവിധായകരും മറ്റും ജനിക്കുന്നത് തിയേറ്ററുകളിലെ പ്രേക്ഷക ആരവങ്ങളില്‍ നിന്നു തന്നെയാണ്, അതുകൊണ്ട് ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ മുന്‍പോട്ട് പോകുന്ന ചിത്രങ്ങള്‍ നിലവിലെ വാണിജ്യ വ്യവസായ പരിഗണനയും പരിരക്ഷയും ആവശ്യമില്ലാത്തവയായി കാണേണ്ടി വരും.
ഒടിടി എന്നത് ഒരു സിനിമയുടെ തുടര്‍ വിപണനസാധ്യത മാത്രമായുള്ളപ്പോള്‍ അത് അങ്ങനെ തുടരുക തന്നെ ചെയ്യട്ടെ. ഒരു വ്യക്തിയ്ക്ക് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ള നാട്ടില്‍ ഒരു നിഷേധവും ചേംബര്‍ പ്രോത്സാഹിപ്പിക്കില്ല. എന്നാല്‍ പണം മുടക്കുന്നവന്, ഞങ്ങളുടെ അംഗങ്ങള്‍ക്ക്, പ്രഥമ പരിഗണന നല്‍കിത്തന്നെയേ മുന്‍പോട്ട് പോകാന്‍ പറ്റുകയുള്ളൂ. എല്ലാ കാര്യങ്ങള്‍ക്കും ഒരു വ്യക്തത വേണം. വെല്ലുവിളികളോ ശക്തി പരീക്ഷിക്കാനുള്ള ഇടമോ അല്ല സിനിമാവ്യവസായം എന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. ഒരു വ്യക്തിയുടെ വിയര്‍പ്പിന്റെ ഫലത്തിലൂടെ, മുടക്കുന്ന പണത്തിന്റെ മൂല്യം കാണാതെ പോകാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി വന്ന മഹാമാരി കാരണം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനപ്രകാരം പ്രഥമ പരിഗണന ഫിലിം ചേംബറിന്റെ കീഴിലുള്ള എല്ലാ വ്യവസായ സംഘടനകളും ഒരുമിച്ച് നല്‍കും എന്നു തന്നെയാണ് എന്റെ വിശ്വാസം. പണം മുടക്കുന്നവനേ അതിന്റെ വേദന അറിയൂ.
കേരളാ സര്‍ക്കാരിന്റെ മുമ്പില്‍ തകര്‍ന്നടിഞ്ഞ ഈ വ്യവസായത്തിന് ഒരു സംരക്ഷണ പാക്കേജ് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ആവശ്യപ്പെട്ട് നില്‍ക്കുമ്പോള്‍ ഇവിടെ എല്ലാം ശുഭകരമാണ് എന്ന് ഏതാനും ചിലര്‍ ചിന്തിക്കുന്നത് കൊള്ളാം. കേവലം കുറച്ചു പേരുടെ താത്കാലിക സംരക്ഷണം അല്ല നമ്മുടെ ലക്ഷ്യം. തകര്‍ന്നടിഞ്ഞു കിടക്കുന്ന ഈ വ്യവസായത്തെ പുനര്‍ജീവിപ്പിക്കാന്‍. അതിലെ ഓരോ വ്യക്തിക്കും സാധ്യമായ സംരക്ഷണം നല്‍കാന്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കാം. വെല്ലുവിളിച്ച എടുക്കുന്ന സിനിമ കാണേണ്ട എന്ന് പ്രേക്ഷകര്‍ തീരുമാനിച്ചാല്‍, ഈ വ്യവസായത്തിനും അതില്‍ ഏര്‍പ്പെട്ടവര്‍ക്കും മാത്രമാണ് നഷ്ടം. ഈ കാലഘട്ടത്തെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കൂ, വിവേകപരമായി ചിന്തിക്കൂ. എല്ലാ സംഘടനകളെയും പോലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുത്ത തീരുമാനത്തോടൊപ്പം നമുക്ക് ഒരുമിച്ച് ഒറ്റക്കെട്ടായി നില്‍ക്കാം."