കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
Published on

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന കവിയൂര്‍ പൊന്നമ്മ കരുമാലൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു. ആരോഗ്യം വഷളായതോടെയാണ് കരുമാലൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

1950കളുടെ അവസാനത്തിലാണ് കവിയൂര്‍ പൊന്നമ്മ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നടകത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ പൊന്നമ്മ അവിടെ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു. സത്യന്‍, പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി നിരവധി നടന്മാരുടെ അമ്മയായി അവര്‍ അഭിനയിച്ചിട്ടുണ്ട്. 2022ലാണ് അവസാനമായി കവിയൂര്‍ പൊന്നമ്മ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.

ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ജെ. ശശികുമാര്‍ സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലാണ് അഭിനയ പ്രാധാന്യമുള്ള ഒരു വേഷം ലഭിച്ചത്. നായികാ വേഷങ്ങളില്‍ നിന്നും പിന്നീട് അമ്മ വേഷങ്ങളിലേക്ക് മാറി. വര്‍ഷങ്ങളായി അമ്മ കഥാപാത്രങ്ങളാണ് കവിയൂര്‍ പൊന്നമ്മ ചെയ്തു വന്നത്. മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ അമ്മ എന്ന വാക്കിന് ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കാന്‍ പാകത്തിലുള്ള കഥാപാത്രങ്ങളാണ് കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയില്‍ അനശ്വരമാക്കിയിട്ടുള്ളത്.

1945 സെപ്റ്റംബര്‍ 10ന് തിരുവല്ലയിലെ കവിയൂരില്‍ ടി.പി.ദാമോദരന്റെയും ഗൗരിയുടെയും മകളായാണ് കവിയൂര്‍ പൊന്നമ്മയുടെ ജനനം. 1969ല്‍ ചലച്ചിത്ര നിര്‍മ്മാതാവ് മണിസ്വാമിയെ പൊന്നമ്മ വിവാഹം കഴിച്ചു. ചെറിയ പ്രായത്തില്‍ തന്നെ അമ്മ വേഷങ്ങള്‍ കൈകാര്യം ചെയ്ത കവിയൂര്‍ പൊന്നമ്മ ഓണ്‍ സ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്ത അമ്മ വേഷം മോഹന്‍ലാലിനൊപ്പമാണ്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലാണ് കവിയൂര്‍ പൊന്നമ്മ അവസാനമായി അഭിനയിച്ചത്.

ഓടയില്‍ നിന്ന്, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, തനിയാവര്‍ത്തനം, കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, മാമ്പഴക്കാലം, ബാബ കല്യാണി, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നന്ദനം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, തേന്മാവിന്‍ കൊമ്പത്ത്, കാക്കക്കുയില്‍, വടക്കുംനാഥന്‍, ചാമരം, ഉത്തമന്‍, ഇന്‍ ഹരിഹര്‍ നഗര്‍, സന്ദേശം, ഭരതം, മായാമയൂരം, പൂക്കാലം, വരവായി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in