ഇതാണ് തമ്പാൻ. 'കാവലി'ലെ നായകനെ പരിചയപ്പെടുത്തി സുരേഷ് ഗോപി. നിഥിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരുന്ന 'കാവൽ' ഒക്ടോബർ 7നായിരുന്നു രണ്ടാം ഘട്ട ചിത്രീകരണങ്ങളിലേയ്ക്ക് കടന്നത്. മമ്മൂട്ടി നായകനായ 'കസബ'യ്ക്ക് ശേഷം നിഥിൻ ഒരുക്കുന്ന മാസ് ആക്ഷൻ ചിത്രം ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേയ്ക്ക് കടക്കുകയാണ്.
സുരേഷ് ഗോപിയോടൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും 'കാവലി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖിൽ എസ് പ്രവീണാണ് ഛായാഗ്രഹണം. സഞ്ജയ് പടിയൂർ - പ്രൊഡക്ഷൻ കൺട്രോളർ, പ്രദീപ് രംഗൻ - മേയ്ക്കപ്പ്, മോഹൻ സുരഭി - സ്റ്റിൽസ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ്ഗോപി തന്റെ ഫേസ്ബുക് പോജിലൂടെ ആയിരുന്നു ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയും 'കാവലി'നുണ്ട്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോഗുമായി ടീസറിൽ ശ്രദ്ധിക്കപ്പെട്ട തമ്പാൻ പഴയ സുരേഷ് ഗോപി കഥാപാത്രത്തങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
തന്റെ 250ാം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് പാലാ കുരിശുപള്ളി സന്ദര്‍ശിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കുമളിയില്‍ 'കാവലി'ന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി പാലാ കുരിശുപള്ളിയിലും കീഴാത്തടിയൂര്‍ യൂദാസ്ലീഹ പളളിയിലും എത്തിയത്. 250ാം സിനിമ ഒറ്റക്കൊമ്പന്റെ സംവിധായകന് മാത്യൂസ് തോമസിനൊപ്പമാണ് പള്ളിയിലെത്തി മെഴുകുതിരി കത്തിച്ചത്.