'ഈ മേടയിൽ തെളിഞ്ഞ വെളിച്ചം എന്നന്നേക്കുമായി അണയപ്പെടും'; ആകാംഷ നിറച്ച് ജയസൂര്യയുടെ 'കത്തനാര്‍: ദ് വൈല്‍ഡ് സോഴ്സററി' ​ഗ്ലിംസ്

'ഈ മേടയിൽ തെളിഞ്ഞ വെളിച്ചം എന്നന്നേക്കുമായി അണയപ്പെടും'; ആകാംഷ നിറച്ച് ജയസൂര്യയുടെ 'കത്തനാര്‍: ദ് വൈല്‍ഡ് സോഴ്സററി' ​ഗ്ലിംസ്
Published on

നടൻ ജയസൂര്യയുടെ ജന്മദിനത്തിൽ 'കത്തനാര്‍: ദ് വൈല്‍ഡ് സോഴ്സററി' എന്ന ചിത്രത്തിന്റെ ​ഗ്ലിംസ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. 'ഹോം' എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കത്തനാര്‍: ദ് വൈല്‍ഡ് സോഴ്സററി'. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. ശ്രീ ​ഗോകുലം മൂവിസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലാനാണ് ചിത്രം നിർമിക്കുന്നത്. ഫാന്‍റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂർത്തങ്ങളും ഉൾച്ചേർന്ന ചിത്രമായിരിക്കും കത്തനാർ എന്ന സൂചന നൽകുന്നതാണ് ഫസ്റ്റ് ​ഗ്ലിംസ്.

അത്ഭുതമൂറുന്ന ഐതിഹ്യ കഥകളിലൂടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞ വൈദികനും അത്ഭുത സിദ്ധികളുള്ള മഹാമാന്ത്രികനുമായ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ചിത്രമാണ് 'കത്തനാര്‍: ദ് വൈല്‍ഡ് സോഴ്സററി. ചിത്രത്തിൽ അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ചിത്രത്തിൽ യക്ഷിയായ കള്ളിയങ്കാട്ട് നീലിയായാണ് അനുഷ്ക എത്തുന്നതെന്നാണ് സൂചനകൾ. അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാര്‍. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. ത്രീഡിയിൽ രണ്ട് ഭാഗങ്ങളിലായൊരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാ​ഗം 2024 ൽ വേൾഡ് വെെഡായി റിലീസിനെത്തും.

ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍. സോഫ്റ്റ് വെയര്‍ ടൂളുകള്‍ ഉപയോഗിക്ക് ലൈവ് ഫൂട്ടേജുകളും കംപ്യൂട്ടര്‍ ഗ്രാഫിക്‌സുകളും ഒരേ സമയം സംയോജിപ്പിക്കുന്നതാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍. 2 വര്‍ഷം നീണ്ടു നിന്ന പ്രീപ്രൊഡക്ഷനാണ് ചിത്രത്തിനുണ്ടായിരുന്നത്.

കുട്ടിച്ചാത്തൻ ശാസ്താവ് ശബരിമല എന്ന പുസ്തകം രചിച്ച് ശ്രദ്ധേയനായ ആർ.രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍: വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ്: സെന്തിൽ നാഥൻ, കോസ്റ്റ്യും ഡിസൈനര്‍: ഉത്തര മേനോൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടര്‍: ജെജെ പാർക്ക്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, കലാസംവിധാനം അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്സിംഗ് അജിത് എ ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: ഗോപേഷ് ശരത്, ഷാലം, ഗാനരചന: അരുൺ ആലാട്ട്, വിനായക് ശശികുമാര്‍, സച്ചിൻ എസ് കുമാര്‍, കളറിസ്റ്റ്: ശ്രീക് വാര്യര്‍, സൗണ്ട് ഡിസൈനര്‍: അനക്സ് കുര്യൻ, അലീൻ ജോണി, സ്പെൽസ്: ഭാവദാസ്, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, വിഎഫ്ക്സ്, വെര്‍ച്വൽ പ്രൊഡക്ഷൻ, ഡിഐ സ്റ്റുഡിയോ: പോയെറ്റിക്.

Related Stories

No stories found.
logo
The Cue
www.thecue.in