മഹാന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപ്പെടുന്ന അനുഭവം നേരിടേണ്ടി വന്നുവെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ്. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പേര് സിനിമയില്‍ ഉപയോഗിക്കേണ്ട സന്ദര്‍ഭം ഉണ്ടായിരുന്നു. എന്നാല്‍ തനിക്കത് സാധിച്ചില്ല. ഗോഡ്‌സെയുടെ പേര് പറഞ്ഞാല്‍ പ്രശ്‌നമുണ്ടാകുമെന്ന് പറയുകയായിരുന്നുവെന്ന് കാര്‍ത്തിക് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്:
സിനിമയില്‍ വിക്രമിന്റെ കഥാപാത്രത്തിന്റെ ഒരു സംഭാഷണമായിരുന്നു. 'നിങ്ങളെപ്പോലെ തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെ വധിച്ചത്' എന്നതായിരുന്നു സംഭാഷണം. അതിലെനിക്ക് ഗോഡ്സെയുടെ പേര് ഉപയോഗിക്കാന്‍ സാധിച്ചില്ല. അങ്ങനെ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമെന്നാണ് പറയുന്നത്. ഒടുവില്‍ ആ സംഭാഷണം മാറ്റേണ്ടി വന്നു. നിങ്ങളെപ്പോലെ തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെയും ഗാന്ധിസത്തെയും കൊന്നത് എന്നാക്കുകയായിരുന്നു.
ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആരാണ് കൊന്നതെന്ന് പറയാന്‍ പാടില്ല. നമ്മുടെ നാടിന്റെ അവസ്ഥയിതാണിപ്പോള്‍. ഗോഡ്സെ തീവ്രവാദിയാണ്. നമ്മുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തി. അത് പറയാന്‍ പാടില്ലെന്ന് പറയുന്ന അവസ്ഥയില്‍ നമ്മുടെ നാട് എത്തിയിരിക്കുന്നു.
ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമായ മഹാന്‍ ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും പ്രധാന വേഷത്തിലെത്തുന്നു. സിമ്രാന്‍, ബോബി സിംഹ എന്നിവരും ചിത്രത്തിലുണ്ട്.