'വിമർശകരെക്കൊണ്ട് തിരുത്തി പറയിപ്പിച്ച നിശ്ചയദാര്‍ഢ്യം, മനസ്സു വച്ചാൽ ഉയരങ്ങൾ കീഴടക്കാം എന്നതിന് ഉദാഹരണം'; സൂര്യയെക്കുറിച്ച് കാർത്തി

'വിമർശകരെക്കൊണ്ട് തിരുത്തി പറയിപ്പിച്ച നിശ്ചയദാര്‍ഢ്യം,  മനസ്സു വച്ചാൽ ഉയരങ്ങൾ കീഴടക്കാം എന്നതിന് ഉദാഹരണം'; സൂര്യയെക്കുറിച്ച് കാർത്തി
Published on

ആദ്യ സിനിമ ചെയ്യുമ്പോൾ കേട്ട വിമർശനങ്ങളെ തിരുത്തിപ്പറയിപ്പിച്ച ആളാണ് തന്റെ സഹോദരൻ സൂര്യ എന്ന് നടൻ കാർത്തി. ഡാന്‍സ് ചെയ്യാനോ, ഫൈറ്റ് ചെയ്യാനോ, അഭിനയിക്കാനോ അറിയില്ലെന്ന് കളിയാക്കിയവരുടെ മുന്നിൽ മനസ്സു വച്ചാൽ ഉയരങ്ങളിലെത്താം എന്നു കാണിച്ചു തന്ന അദ്ദേഹം ഒരു പ്രചോദനമാണെന്നും 'കങ്കുവ'യുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേ കാർത്തി പറഞ്ഞു.

കാർത്തി പറഞ്ഞത്:

എന്റെ ചേട്ടനെക്കുറിച്ച് എനിക്ക് അറിയാം. പ്രേക്ഷകർക്ക് ഇത് മതിയെന്ന് ഒരിക്കലും അദ്ദേഹം ചിന്തിക്കാറില്ല, പ്രേക്ഷകർക്ക് ഇതല്ല വേണ്ടത് എന്നാണ് അദ്ദേഹം എപ്പോഴും ചിന്തിക്കുന്നത്. എപ്പോഴും അദ്ദേഹം അതിന് വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കാറാണ് പതിവ്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയെക്കുറിച്ച് ഞാൻ ഇപ്പോൾ ആലോചിക്കുകയാണ്. അന്ന് പലരും ചേട്ടന് അഭിനയിക്കാനോ, ഡാൻസ് കളിക്കാനോ, ഫൈറ്റ് ചെയ്യാനോ അറിയില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് നല്ല ശരീരം ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം എല്ലാ ദിവസവും ഫൈറ്റും ഡാന്‍സും പ്രാക്ടീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന എന്റെ ചേട്ടനെ ഞാൻ കണ്ടു. ഞാൻ ആയുധ എഴുത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന സമയം. അന്ന് അതിൽ ഒരു ആക്ഷൻ സീക്വൻ ചെയ്യണമായിരുന്നു. സ്റ്റണ്ട് മാസ്റ്റർ ഡ്യൂപ്പിനെ വയ്ക്കാം എന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം അത് വേണ്ടെന്ന് പറഞ്ഞു. അദ്ദേഹം ആക്ഷൻ ചെയ്യുന്ന കണ്ട് അന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട് നിന്റെ ചേട്ടൻ ഒരു ഫൈറ്ററിനെ പോലെയാണെല്ലോ ചെയ്യുന്നത് എന്ന്. ഇനി അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്ന് എല്ലാ ജിമ്മിലും അദ്ദേഹത്തിന്റെ ഫോട്ടോയുണ്ട്, അദ്ദേഹത്തിന്റെ ഫോട്ടോയില്ലാത്ത ഒരു ജിമ്മും ഇവിടെയില്ല. എല്ലാ ചെറുപ്പക്കാരും ആരോ​ഗ്യത്തെ വലിയ തരത്തിൽ പ്രാധാന്യത്തോടെ കണ്ടു തുടങ്ങിയതിൽ ചേട്ടന്റെ വലിയ ഇന്‍ഫ്‌ളുവന്‍സ് ഉണ്ട്. എന്തൊക്കെ നെ​ഗറ്റീവുകൾ ആളുകൾ പറഞ്ഞിട്ടുണ്ടോ അതിനെയെല്ലാം പോസ്റ്റീവ് ആക്കി മാറ്റാൻ നമുക്ക് സാധിക്കും. നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് തോന്നിയാലും മനസ്സുവെച്ചാൽ നിങ്ങൾക്ക് ഉയരങ്ങളിലെത്താൻ സാധിക്കും എന്നതിന് ഉദാഹരണമായി കാണിക്കാൻ ഇവിടെ എന്റെ ചേട്ടൻ അല്ലാതെ മറ്റാരും ഇല്ല.

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായി എത്തുന്ന കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയോടെയാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പാട്ണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ചിത്രം നവംബർ 14 ന് റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in