അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ ഒരുപാടിഷ്ടം, ആവർത്തിച്ച് കണ്ടുകൊണ്ടേയിരിക്കും: കാർത്തി

അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ ഒരുപാടിഷ്ടം, ആവർത്തിച്ച് കണ്ടുകൊണ്ടേയിരിക്കും: കാർത്തി
Published on

മലയാള സിനിമയിൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങൾ ഒരുപാട് ഇഷ്ടമാണെന്ന് നടൻ കാർത്തി. ഫാസിൽ സാറിന്റെ സിനിമകൾ ആവർത്തിച്ച് കണ്ടിട്ടുണ്ട്. ഹ്യൂമറും ബുദ്ധിയും വൈകാരികതയും എല്ലാം നിറഞ്ഞ കഥാപാത്രങ്ങളെയാണ് ഫാസിൽ സാറിന്റെ സിനിമകളിൽ കാണാൻ കഴിയുക. മെയ്യഴകന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോഴും ആ അനുഭവമാണ് ഉണ്ടായതെന്നും വ്യക്തി ബന്ധങ്ങൾക്കാണ് സിനിമയിൽ പ്രാധാന്യമുള്ളതെന്നും കേരളത്തിലെ മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കാർത്തി പറഞ്ഞു. കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ഫീൽഗുഡ് ചിത്രമാണ് 'മെയ്യഴകൻ'. സി പ്രേം കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കാർത്തി പറഞ്ഞത്:

മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ വരുന്നുണ്ട്. നിങ്ങൾ എന്താണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്ന് പറഞ്ഞ് തമിഴ് പ്രേക്ഷകർ ഞങ്ങളെ കളിയാക്കാറുണ്ട്. അങ്ങനെ ഒരു സിനിമയുമായിട്ടാണ് ഇപ്പോൾ ഞങ്ങൾ വരുന്നത്. മെയ്യഴകൻ സിനിമയിൽ വ്യക്തി ബന്ധങ്ങളെക്കുറിച്ചാണ് പറയുന്നത്. മലയാളത്തിൽ ഫാസിൽ സാറിന്റെ സിനിമകൾ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകൾ ആവർത്തിച്ച് കണ്ടു കൊണ്ടേയിരിക്കും. ഫാസിൽ സാറിന്റെ സിനിമകളിൽ കഥാപാത്രങ്ങളുടെ വികാരങ്ങൾ ഒരുപാട് ഭംഗിയുള്ളതാണ്. ഹ്യൂമർ, ബുദ്ധി, വൈകാരികത അങ്ങനെ എല്ലാം ചേർന്നതാകും കഥാപാത്രങ്ങൾ. അതുപോലെയുള്ള ഒരു അനുഭവമായിരുന്നു മെയ്യഴകന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോഴും ഉണ്ടായിരുന്നത്.

'96' എന്ന ചിത്രത്തിന് ശേഷം സി പ്രേം കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് മെയ്യഴൻ. നടൻ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റെർറ്റൈന്മെന്റ്സ് ആണ് 'മെയ്യഴകൻ' നിർമ്മിച്ചിരിക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തിലെ നായിക. അതെ സമയം '96' സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കാൻ താൽപര്യമുണ്ടെന്ന് സംവിധായകൻ പ്രേം കുമാർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. രണ്ടാം ഭാ​ഗത്തിന്റെ കഥ ഏകദേശം പൂർത്തിയായി എന്നും വിജയ് സേതുപതിയുടെ ഭാര്യയ്ക്ക് കഥ കേട്ട് ഇഷ്ടപ്പെട്ടു എന്നും പ്രേംകുമാർ പറഞ്ഞിരുന്നു. തൃഷയുടെയും വിജയ് സേതുപതിയുടെയും ഡേറ്റുകളും മറ്റ് കാര്യങ്ങളും ഒത്തുവന്നാൽ 96 ന്റെ രണ്ടാം ഭാ​ഗം ഒരുക്കുമെന്നും സംവിധായകൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in