ധനുഷ് -മാരി സെൽവരാജ് ചിത്രം കർണന്റെ നാലാമത്തെ ഗാനം റിലീസ് ചെയ്തു. ഉട്രാദിങ്ക യെപ്പോ എന്ന ഗാനം എൻജോയ് എൻചാമി ഫെയിം ദിയാണ് ആലപിച്ചിരിക്കുന്നത് . കർണ്ണന്റെ യുദ്ധം എന്നാണ് ഉട്രാദിങ്ക യെപ്പോ ഗാനത്തിന്റ അർത്ഥം. സംവിധായകൻ മാരി സെൽവരാജാണ് ഗാനത്തിന്റെ വരികൾ എഴുതിയിക്കുന്നത്. 'കുറ്റബോധമില്ലാതെ ഒരാൾ, മണ്ണിരയെ പിടിക്കുന്നത് കാണുമ്പോൾ, യുദ്ധത്തിനുള്ള ആജ്ഞ കർണ്ണൻ നൽകുന്നു' എന്നാണ് പാട്ടിന്റെ ആദ്യ വരികൾ അർത്ഥമാക്കുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വേഗതിയിലുള്ള പെപ്പി ഡാൻസിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. സിനിമയിലെ മറ്റ് ഗാനങ്ങളുടേത് പോലെ പറയ് ബീറ്റും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിയുടെ ഒപ്പം സംഗീത സംവിധായകൻ സന്തോഷ് നാരായണനും, കൊറിയോഗ്രാഫർ സാൻഡിയും, സംവിധായകൻ മാരി സെൽവരാജും ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
വാള് വീശി ഒരു കൂട്ടം ആളുകളെ രക്ഷിക്കുന്ന ധനുഷിനെയാണ് സിനിമയിലെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഒൻപതിനാണ് സിനിമയുടെ റിലീസ്. ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രവും രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് കർണ്ണൻ. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
'പരിയേറും പെരുമാള്‍' എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയം പറഞ്ഞ ചിത്രം ഏറെ പുരസ്‍കാരങ്ങളും നേടിയിരുന്നു. ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന് പിന്നാലെ ധനുഷ്- ശെൽവരാഘവൻ ടീമിന്റെ 'നാനെ വരുവേൻ' എന്ന ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'കർണന്റെ' നിർമാതാവ് കലൈപുലി തനുവിന്റെ വി. ക്രിയേഷൻസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.