‘സുശാന്തിന്റെ ആത്മഹത്യ, താരങ്ങളുടെ അനാവശ്യ സഹതാപം’; സോഷ്യൽ മീഡിയ സെൻസറിങ്ങിൽ പെട്ട് ആലിയ ഭട്ടും കരൺ ജോഹറും
നടൻ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ ട്വിറ്ററിൽ വിദ്വേഷ പോസ്റ്റുകൾ. സുശാന്തിന്റെ കൂടെ നിൽക്കുന്ന ചിത്രത്തിനൊപ്പം കരൺ ജോഹർ ഇൻസ്റ്റയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. കുറിപ്പിൽ പറയുന്നതിങ്ങനെ, 'കഴിഞ്ഞ വര്‍ഷം നീയുമായി ഒരു ബന്ധവും വെച്ചുപുലര്‍ത്താതിരുന്നതിൽ ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു. നിന്‍റെ ജീവിതം മറ്റൊരാളുമായി പങ്കുവയ്ക്കാൻ നീ ആഗ്രഹിച്ചിരുന്ന സമയമാണിതെന്ന് ഇപ്പോള്‍ ഞാനറിയുന്നു. പക്ഷേ എനിക്കതിനായില്ല, ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ല, നമ്മുടെ ബന്ധങ്ങള്‍ വളര്‍ത്താൻ കഴിയാതെപോകുന്ന കാലഘട്ടമാണിത്. സുശാന്തിന്‍റെ ഈ മരണം മറ്റുള്ളവരിലേക്ക് കടന്നുചെല്ലാൻ എന്നെ പ്രേരിപ്പിക്കുന്ന ഉണര്‍ത്തുപാട്ടുകൂടിയാവുകയാണ്.'
കരൺ ജോഹർ ഉൾപ്പടെ ബോളിവുഡിലെ പല താരങ്ങളും സുശാന്തിന് വേണ്ടത്ര പരിഗണന നൽകിയിരുന്നില്ലെന്നും, കുറിപ്പിലുള്ളത് അനാവശ്യ സഹതാപമാണെന്നുമാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. സുശാന്തിന്റേത് ഒരു താരകുടുംബം അല്ലാതിരുന്നതിനാൽ സിനിമയിൽ നിന്നും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ആലിയ ഭട്ടിനെതിരെയുമുണ്ട് പ്രചരണങ്ങൾ. കരൺ ജോഹർ അവതാരകനായി എത്തുന്ന 'കോഫി വിത് കരൺ' എന്ന ടെലിവിഷൻ ഷോയിൽ, ആലിയയോട് ചോദിച്ച ഒരു ചോദ്യത്തിനൊപ്പം സുശാന്ത് സിങ് രജ്പുത്, രൺവീർ സിങ്, വരുൺ ദവാൻ എന്നീ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഓപ്ഷനുകളായി നൽകിയിരുന്നു. എന്നാൽ 'ആരാണ് സുശാന്ത് സിങ് രജ്പുത്' എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന്റെ ആത്മഹത്യയെ തുടർന്ന് താരം പങ്കുവെച്ച ട്വീറ്റിന് താഴെയാണ് ഇതുമായി ബന്ധപ്പെട്ട കമന്റുകൾ നിറയുന്നത്.
കുറച്ച് വർഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല. സിനിമ ഇൻഡസ്ട്രിയിലെ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ല. ഈ ഇൻഡസ്ട്രി അത്രമാത്രം ഇടുങ്ങിയതാണെന്നും, ഇവിടെ ആരും സുഹൃത്തുക്കളല്ലെന്നും, സിനിമയിലെ ബന്ധങ്ങൾ ആഴമില്ലാത്തതാണെന്നും പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റ് സപ്ന ഭവാനിയും ട്വീറ്റ് ചെയ്തിരുന്നു.
'ദിൽബേചാരാ' എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നീണ്ടു പോയി. 2019 ൽ പുറത്തിറങ്ങിയ 'ഡ്രൈവ്' ആയിരുന്നു അവസാനമായി റിലീസ് ചെയ്ത ചിത്രം. തിയറ്റർ റിലീസ് പ്രതീക്ഷിച്ചിരുന്ന സുശാന്ത്-ജാക്വിലിൻ ഫെർണാണ്ടസ് ‘ ചിത്രം ഡ്രൈവ്’, നിർമ്മാതാവ് കരൺ ജോഹർ നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്തതിൽ സുശാന്ത് അസ്വസ്ഥനായിരുന്നു എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.