ജിഗ്ര സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. ചിത്രത്തിന്റെ പൂര്‍ത്തിയാകാത്ത സ്‌ക്രിപ്റ്റ് കരണ്‍ ജോഹര്‍ തന്നോട് ചോദിക്കാതെ ആലിയ ഭട്ടിന് അയച്ചു കൊടുത്തു എന്ന് സംവിധായകന്‍ വാസന്‍ ബാല പറഞ്ഞിരുന്നു. ജിഗ്രയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ കരണ്‍ ജോഹറിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ബോളിവുഡിലെ നെപ്പോട്ടിസവും സ്വകാര്യ താല്പര്യങ്ങളുമാണ് കരണ്‍ ജോഹറിന്റെ പ്രവൃത്തിയിലുള്ളത് എന്നായിരുന്നു പ്രധാന വിമര്‍ശനം. ദിവസങ്ങള്‍ക്ക് ശേഷം വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍.
ഏറെ നിഷ്‌കളങ്കതയോടെയും സ്‌നേഹത്തോടെയും വാസന്‍ ബാല അഭിമുഖത്തില്‍ സംസാരിച്ച കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ അനാവശ്യ മാധ്യമ ശ്രദ്ധ ലഭിക്കുന്നതെന്ന് കരണ്‍ ജോഹര്‍ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു. ഗ്രാമര്‍ പരിശോധിക്കാതെ ആലിയയ്ക്ക് താന്‍ സ്‌ക്രിപ്റ്റ് അയച്ചതിനെക്കുറിച്ച് വാസന്‍ ബാല പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് തനിക്കെതിരെ ഗുരുതര ആരോപണമായി മാറി. ഈ വിഷയം ആദ്യം തന്നെ ചിരിപ്പിച്ചു. പക്ഷേ ഇപ്പോള്‍ ശരിക്കും അലോസരപ്പെടുത്തുകയാണ്. താനുമായി സഹകരിച്ച കഴിവുള്ള സംവിധായകരില്‍ ഒരാളാണ് വാസന്‍ ബാല. അദ്ദേഹത്തിന്റെ അഭിമുഖം മുഴുവന്‍ കണ്ടാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാകുമെന്നും അനുമാനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പ് അഭിമുഖം മുഴുവനായി കേള്‍ക്കാനും വായിക്കാനും ശ്രമിക്കണമെന്നും കരണ്‍ ജോഹര്‍ കുറിപ്പിലൂടെ പറഞ്ഞു.
ഒക്ടോബര്‍ 11ന് ജിഗ്ര തിയറ്ററില്‍ എത്താനിരിക്കെയാണ് വിവാദങ്ങള്‍ ശക്തമാകുന്നത്. ആലിയ ഭട്ടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹോദരനെ രക്ഷിക്കാനായി ഏതറ്റവും വരെ പോകുന്ന ഒരു ചേച്ചിയുടെ കഥയാണ് ജിഗ്ര പറയുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സും എറ്റേര്‍ണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. വേദങ് റെയ്ന, ആദിത്യ നന്ദ, ഷോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിക്ക് ശേഷം ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം കൂടിയാണ് ജിഗ്ര.