ഒരു പതിറ്റാണ്ടിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ പുതിയ ചിത്രം 'കാപ്പ' തിരുവനന്തപുരത്ത് തുടങ്ങി. ജി.ആര്‍ ഇന്ദുഗോപന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ശംഖുമുഖി എന്ന രചനയുടെ സിനിമാവിഷ്‌കാരമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്റെ തിരക്കഥയിലാണ് കടുവക്ക് ശേഷമുള്ള ഷാജി കൈലാസ് ചിത്രം. പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍,ആസിഫലി, അന്ന ബെന്‍ എന്നിവരും ചിത്രത്തിലുണ്ട്. കൊട്ട മധു എന്ന ഗുണ്ടയുടെ റോളിലാണ് പൃഥ്വിരാജ്. ആടുജീവിതം ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് കാപ്പയില്‍ ജോയിന്‍ ചെയ്യുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മഞ്ജു വാര്യര്‍ അടുത്താഴ്ച ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ജോമോന്‍ ടി ജോണ്‍ ചായഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്.
ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് ആണ് കാപ്പ നിര്‍മ്മിക്കുന്നത്. 'നീതിയല്ല, നിയമമാണ്' എന്ന ടാഗ് ലൈനുമായാണ് ചിത്രമെത്തുന്നത്. കടുവയില്‍ നിന്ന് വ്യത്യസ്ഥമായി ഡാര്‍ക്ക് ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് സിനിമയെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു. അവതരണത്തില്‍ വ്യത്യസ്ഥതയുണ്ടാകുമെന്ന് ഷാജി കൈലാസ്. കാപ്പ രണ്ട് ഭാഗങ്ങളിലായാണ് തിയറ്ററുകള്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് കാപ്പ. സിനിമയുടെ ആദ്യമായി പുറത്തുവന്ന മോഷന്‍ പോസ്റ്ററിലും വേണുവായിരുന്നു സംവിധായകന്റെ സ്ഥാനത്ത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് പിന്നാലെ വേണുവിന് പകരം ഷാജി കൈലാസ് സംവിധായകനായി എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണുവിന് പകരം ഷാജി കൈലാസ് സംവിധായകനായി വന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിരുന്നില്ല. ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, പി.ആര്‍.ഒ ശബരി.
കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ജിനു വി എബ്രഹാമും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രവുമാണ്'കാപ്പ'. കാപ്പയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും തിരുവനന്തപുരം, പാളയം വി ജെ ടി ഹാളില്‍ നടന്നു. എസ് എന്‍ സ്വാമിയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിര്‍വ്വഹിച്ചു. വലിയ ഇടവേളക്കു ശേഷമാണ് പൃഥ്വിരാജ് ജന്മനാട് കൂടിയായ തലസ്ഥാന നഗരിയില്‍ ചിത്രീകരണത്തിനെത്തുന്നത്.
കാപ്പ പൂര്‍ത്തിയാക്കിയാല്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം. തൊണ്ടിമുതലും ദൃക്സാക്ഷിയും റിലീസിനൊരുങ്ങുന്ന സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും എന്ന സിനിമക്ക് ശേഷം സച്ചി സംവിധാനം ചെയ്യാനായി ആലോചിച്ചിരുന്ന ചിത്രം സച്ചിയുടെ മരണാനന്തരം ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ ഏറ്റെടുക്കുകയായിരുന്നു. ജി.ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന്റെ ആധാരമാക്കിയാണ് വിലായത്ത് ബുദ്ധ ഒരുങ്ങുന്നത്.