ബോക്‌സ് ഓഫീസില്‍ പരാജയമായി കങ്കണയുടെ 'ധാക്കഡ്'; എട്ടാം ദിവസം വിറ്റ് പോയത് വെറും 20 ടിക്കറ്റുകള്‍
ബോക്‌സ് ഓഫീസില്‍ പരാജയമായി ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ 'ധാക്കഡ്'. ചിത്രം റിലീസ് ചെയ്ത് എട്ടാമത്തെ ദിവസം വെറും 20 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. മെയ് 20ന് തിയേറ്ററിലെത്തിയ ചിത്രം ഇതുവരെ 3.35 കോടി മാത്രമാണ് വരുമാനമായി നേടിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന് ലഭിച്ച വരുമാനം വെറും 4420 രൂപയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
100 കോടി ബജറ്റിലാണ് 'ധാക്കഡ്' ഒരുക്കിയിരിക്കുന്നത്. തിയേറ്ററില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ഷോകള്‍ റദ്ദാക്കിയതോടു കൂടി നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടമാണ് നേരിടേണ്ടി വരുന്നത്.
കാര്‍ത്തിക് ആര്യന്‍ കേന്ദ്ര കഥാപാത്രമായ 'ഭൂല്‍ ഭുലയ്യ 2' ആണ് ധക്കഡിന് ഒപ്പം തിയേറ്ററിലെത്തിയ മറ്റൊരു ചിത്രം. 'ഭൂല്‍ ഭുലയ്യ 2'ന് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.
നവാഗതനായ റസനീഷ് ഖായിയാണ് 'ധാക്കഡ്' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. അര്‍ജുന്‍ റാംപാല്‍, ദിവ്യ ദത്ത, ശാശ്വത ഛാറ്റര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
'ധാക്കഡി'ന് മുന്‍പ് പുറത്തിറങ്ങിയ കങ്കണ ചിത്രം 'തലൈവി'യും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. തമിഴില്‍ നിര്‍മ്മിച്ച ചിത്രം ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. 100 കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 10 കോടി മാത്രമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.