അടിയന്തരാവസ്ഥ പ്രമേയമാക്കി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം എമര്‍ജന്‍സിക്ക് പ്രദര്‍ശനാനുമതിക്കായി മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും കൈമാറിയിട്ടില്ല. ബോര്‍ഡിന്റെ പരിശോധനാ കമ്മിറ്റി ഒരിക്കല്‍ കൂടി സിനിമ കണ്ടതിന് ശേഷമേ സര്‍ട്ടിഫിക്കറ്റ് കൈമാറൂ. മൂന്നിടത്ത് മുറിച്ചു മാറ്റലുകളും വിവാദത്തിന് സാധ്യതയുള്ള, ചരിത്രവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകളില്‍ വ്യക്തത വരുത്തണമെന്നും ഫാക്ട് ചെക്ക് നടത്തണമെന്നും സമിതി നിര്‍ദേശിച്ചു. ഇന്ദിരാഗാന്ധിയായി കങ്കണ തന്ന അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നപ്പോള്‍ തന്നെ വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. പ്രത്യേക സിഖ് രാജ്യം അനുവദിച്ചാല്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ നല്‍കാമെന്ന് ഖലിസ്ഥാന്‍ നേതാവായിരുന്ന ഭിന്ദ്രന്‍വാലെ ഇന്ദിരാ ഗാന്ധിക്ക് വാക്ക് നല്‍കുന്ന രംഗം ട്രെയിലറിലുണ്ടായിരുന്നു. ഇതിനെതിരെ സിഖ് സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുകയും സിനിമയുടെ റിലീസ് തടയണമെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍
സിനിമയില്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഇന്ത്യന്‍ സ്ത്രീകളെ അവഹേളിച്ചു കൊണ്ട് സംസാരിക്കുന്ന രംഗമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യക്കാര്‍ മുയലുകളെപ്പോലെ പെറ്റുപെരുകിക്കൊണ്ടിരിക്കുയാണെന്ന് പറയുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. ഇവ രണ്ടും ചരിത്രപരമായി ശരിയാണോ എന്ന് അറിയിക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ ഈ രംഗങ്ങള്‍ മുറിച്ചു മാറ്റേണ്ടതായി വരും. ബംഗ്ലാദേശി അഭയാര്‍ത്ഥികളുടെ എണ്ണം, കോടതി വിധികളുടെ വിശദാംശങ്ങള്‍ എന്നിവയടക്കമുള്ള റഫറന്‍സുകളില്‍ വിവരങ്ങളുടെ സ്രോതസ് വ്യക്തമാക്കണം. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് അനുവാദം ലഭിച്ചതിന്റെ രേഖയും ഹാജരാക്കണം. യു/എ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി 10 മാറ്റങ്ങളാണ് പ്രാദേശിക സമിതി നിര്‍ദേശിച്ചത്. ജൂലൈ 8നാണ് സര്‍ട്ടിഫിക്കേഷനായി ചിത്രം സമര്‍പ്പിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം പത്ത് മാറ്റങ്ങള്‍ പരിശോധനാ സമിതി നിര്‍ദേശിച്ചു. ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ പാക് പട്ടാളക്കാര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പാക് സൈനികന്‍ കൈക്കുഞ്ഞിന്റെ തലയില്‍ അടിക്കുന്നതും മൂന്ന് സ്ത്രീകളുടെ കഴുത്തറുക്കുന്നതുമായിരുന്ന ആ ദൃശ്യങ്ങള്‍. മറ്റ് രണ്ട് മാറ്റങ്ങള്‍ കൂടി നിര്‍ദേശിക്കപ്പെട്ടു.
പത്ത് മാറ്റങ്ങളില്‍ 9 എണ്ണം അംഗീകരിക്കുന്നതായി ജൂലൈ 14ന് നിര്‍മാതാക്കള്‍ ബോര്‍ഡിനെ അറിയിച്ചു. അന്നു തന്നെ ട്രെയിലറും പുറത്തു വിട്ടിരുന്നു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി ഓഗസ്റ്റ് 29ന് ബോര്‍ഡിന്റെ ഇമെയില്‍ ലഭിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോര്‍ഡ് വീണ്ടും സിനിമ കാണാനിരിക്കുകയാണെന്നും അതിനു ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 18ന് മുന്‍പായി വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് കോടതി. സെപ്റ്റംബര്‍ 6ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് റിലീസ് മുടങ്ങിയിരുന്നു.
ട്രെയിലറില്‍ തന്നെ വിവാദങ്ങള്‍ ആരംഭിച്ചതോടെ കങ്കണയുടെ ചിത്രത്തിന്റെ റിലീസ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് സൂചനയുണ്ട്. സിനിമ നിരോധിക്കണമെന്നാണ് സിഖ് സംഘടനകളുടെ ആവശ്യം. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയുടെ റോളില്‍ അഭിനയിക്കുന്ന മലയാളി താരം വിശാഖ് നായര്‍ക്ക് നേരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായി. ഭിന്ദ്രന്‍വാലയുടെ റോളാണ് ചെയ്യുന്നതെന്ന് ആരോപിച്ചായിരുന്നു ആക്രമണം.