അറുപത്തി ഏഴാമത് ദേശിയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ മലയാളത്തിന് അഭിമാന നേട്ടങ്ങൾ. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയിരിക്കുന്നു. സ്പെഷ്യൽ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും അംഗീകാരം നേടിയിട്ടുണ്ട്. സിദ്ധാർഥ് പ്രിയദർശനാണ് സ്പെഷ്യൽ ഇഫക്ട്സ് ഒരുക്കിയത്. ഇതേ സിനിമയ്ക്ക് സിദ്ധാർഥ് സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു. സുജിത് ആൻഡ് സായ് ആണ് സിനിമയ്ക്കായി വസ്ത്രാലങ്കാരം ചെയ്തത്.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജെല്ലിക്കെട്ടിന്റെ ക്യാമറ ചെയ്ത ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകൻ. രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടമാണ് മികച്ച മലയാളം സിനിമ. മികച്ച പുതുമുഖ സംവിധായകനുള്ള അവാർഡ് ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ കരസ്ഥമാക്കി. സിനിമയിൽ മേക്കപ് ആര്ടിസ്റ് രഞ്ജിത്തും അവാർഡിന് അർഹനായി. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി സ്പെഷ്യൽ മെൻഷൻ അവാർഡ് നേടി. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. മൊത്തം 11 അവാർഡുകളാണ് മലയാള സിനിമ കരസ്ഥമാക്കിയത്. മലയാളത്തിൽ നിന്നും 65 സിനിമകളാണ് മത്സരത്തിന് എത്തിയത്.
സൂപ്പർ ഡീലക്സിലെ അഭിനയത്തിന് വിജയ് സേതുപതിയാണ് മികച്ച സഹ നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ട്രാൻസ്ജെൻഡറുടെ കഥാപാത്രമായിരുന്നു സിനിമയിൽ വിജയ് സേതുപതി അവതരിപ്പിച്ചത്. അവാർഡ് നേട്ടത്തിൽ സിനിമയിലെ സംവിധായകൻ ത്യാഗരാജന് സേതുപതി നന്ദി അറിയിച്ചു.
ദേശിയ അവാര്ഡിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന നേട്ടമാണ് നടി കങ്കണ റണാവത് നേടിയിരിക്കുന്നത്. പങ്ക, മണികർണിക എന്നീ സിനിമകളിലെ അഭിനയത്തിനാണ് കങ്കണ തന്റെ നാലാമത്തെ ദേശിയ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്. തനു വെഡ്സ് മനു, ക്യൂൻ , ഫാഷൻ എന്നീ സിനിമകളിൽ കങ്കണയ്ക്ക് ദേശിയ അവാർഡ് ലഭിച്ചിരുന്നു.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംഗീത സംവിധായകൻ ബിശാഖ് ജ്യോതി. മികച്ച എഡിറ്റിങ്ങ് അർജുൻ ഗോരിസരിയ. രാധ എന്ന ആനിമേഷൻ ചിത്രത്തിനാണ് മികച്ച ഒാഡിയോഗ്രാഫിക്കുള്ള പുരസ്കാരം. സപർഷി സർക്കാറിന് ഒാൺ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് പുരസ്കാരം. മികച്ച ഛായാഗ്രഹക സവിതാ സിങ്. മികച്ച സംവിധായകൻ നോക്ക് നോക്ക് സംവിധാനം ചെയ്ത സുധാൻഷു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടി. ആൻ എഞ്ചിനീയർഡ് ഡ്രീം ആണ് മികച്ച നോൺ ഫീച്ചർ സിനിമ. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം സിക്കിം നേടി.