ആറ് വർഷത്തോളം കേരളം ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചു എന്ന് കുറ്റപ്പെടുത്തി നടിയും എം.പിയുമായ കങ്കണ റണൗട്ട്. സിനിമ മേഖല തനിക്ക് യാതൊരു തരത്തിലും പ്രതീക്ഷയില്ലാത്ത ഒരു സ്ഥലമായി മാറി എന്നും കങ്കണ പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയെ പിടിച്ചു കുലുക്കുന്ന തരത്തിലുള്ള പല വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് ഉയർന്നു വരുന്നത്. താൻ കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് കേരളത്തിൽ നിന്ന് പുറത്തു വന്നിട്ടുള്ള ഹേമ കമ്മറ്റി റിപ്പോർട്ട് പറയുന്നത് എന്നും എന്നാൽ തന്റെ പോരാട്ടം എങ്ങുമെത്താതെ പോയി എന്നും കങ്കണ ഇന്ത്യ ടുഡേയോട് സംസാരിക്കവേ പറഞ്ഞു.
കങ്കണ പറഞ്ഞത്:
കഴിഞ്ഞ ആറ് വർഷങ്ങളായി അവർ അത് ഒളിച്ചു വച്ചിരിക്കുകയായിരുന്നു. എനിക്ക് സിനിമ മേഖലയെക്കുറിച്ച് ഒന്നും തന്നെ പറയാനില്ല. എനിക്ക് പ്രതീക്ഷ നൽകാത്ത ഒരിടമാണ് അത്. ഞാൻ എന്റെ കരിയർ വരെ അപടത്തിലാക്കി തീരുമാനങ്ങൾ എടുത്തു. എനിക്കെതിരെ കേസുകൾ വന്നു, ഞാൻ മീടു മൂവ്മെന്റ് നടത്തി, അതൊന്നും എവിടെയും എത്തിയില്ല. ഞാൻ സമാന്തരമായി ഫെമിനിസ്റ്റ് സിനിമയുണ്ടാക്കിയപ്പോൾ ഇവിടെയുള്ള സ്ത്രീകൾ തന്നെയാണ് എന്നെ ആക്രമിച്ചത്. സത്യമേവ ജയതേ എന്ന ആമിർ ഖാന്റെ പരിപാടിയിലും ഞാൻ മുമ്പ് ഇവിടെ നിലനിൽക്കുന്ന റേപ്പ് കൾച്ചറിനെക്കുറിച്ചും ഐറ്റം നമ്പറുകളെക്കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്. എല്ലാവരെയും ഞാൻ ശത്രുക്കളാക്കി. എന്നാൽ അത് എവിടെയാണ് അവസാനിച്ചത്. അതേ സെക്സിസ്റ്റ് സിനിമ മേഖലയാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത്. ഇപ്പോൾ കേരളത്തിൽ പുറത്തു വന്ന ഈ റിപ്പോർട്ടും കാലങ്ങളായി ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത് തന്നെയാണ്. എന്നാൽ അത് എവിടെയെങ്കിലും എത്തിയോ എന്ന് ചോദിച്ചാൽ അത് എത്തിയിട്ടില്ല. എനിക്ക് സിനിമ മേഖലയിൽ പ്രതീക്ഷയില്ല, എനിക്ക് തോന്നുന്നത് ഇവിടെ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ഞാൻ എന്റെ ഒരുപാട് സമയും പഴാക്കി കളഞ്ഞു എന്നാണ്. പക്ഷേ അതെല്ലാം എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എനിക്ക് പറയുന്നതിന് വിഷമമുണ്ട്, ഇത്തരത്തിലുള്ള ഐറ്റം നമ്പറുകൾ പ്രോത്സാഹിപ്പിക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ എനിക്ക് നിരാശയുണ്ട്. ഞാൻ എനിക്ക് വേണ്ടിയല്ല പോരാടിയിട്ടുള്ളത്. ഈ പോരാട്ടം കൊണ്ട് എനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടേയുള്ളൂ.