ബോയിക്കോട്ട് ഖത്തര്‍ ക്യാംപെയിനിന് പിന്നാലെ ഖത്തര്‍ എയര്‍വെയിസ് സിഇഒ അക്ബര്‍ അല്‍ ബക്കറിനെ മണ്ടനെന്ന് വിളിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. നബി വിവാദത്തെ തുടര്‍ന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമത്തില്‍ ഖത്തര്‍ എയര്‍വെയിസ് വിലക്കണമെന്ന ക്യാംപെയിന്‍ ആരംഭിച്ചത്. ക്യാംപെയിനിനെ കളിയാക്കി ഖത്തര്‍ എയര്‍വെയിസ് സിഇഒ സംസാരിക്കുന്ന ഒരു സ്പൂഫ് വീഡിയോയും ട്വിറ്ററില്‍ വൈറലായിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ചാണ് നടി കങ്കണ റണാവത്ത് സിഇഒ അക്ബര്‍ അല്‍ ബക്കറിനെ വിമര്‍ശിക്കുകയും മണ്ടനെന്ന് വിളിക്കുകയും ചെയ്തത്.
വസുദേവ് എന്ന ട്വിറ്റര്‍ യൂസര്‍ ഇന്ത്യക്കാരോട് ഖത്തര്‍ എയര്‍വെയിസ് വിലക്കാന്‍ ആവശ്യപ്പെട്ട് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയുടെ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് വസുദേവ് ഖത്തര്‍ എയര്‍വെയിസ് വിലക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയിസ് എന്ന ഹാഷ്ടാഗോടെയാണ് വസുദേവ് വീഡിയോ പങ്കുവെച്ചത്.
ഇതിനെ കളിയാക്കി കൊണ്ടാണ് ഖത്തര്‍ എയര്‍വെയിസ് സിഇഒയുടെ സ്പൂഫ് വീഡിയോ പുറത്തുവന്നത്. നാല് വര്‍ഷം മുന്‍പ് അക്ബര്‍ അല്‍ ബക്കര്‍ അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖമാണ് സ്പൂഫ് വീഡിയോയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ സ്പൂഫ് വീഡിയോ കണ്ട് വികാരഭരിതയായ കങ്കണ ഖത്തര്‍ എയര്‍വെയിസ് സിഇഒയെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയിസ് ക്യാംപെയിനെയും വസുദേവിനെയും കളിയാക്കി കൊണ്ട് അക്ബര്‍ അല്‍ ബക്കര്‍ നടത്തിയ പരാമര്‍ശം സത്യമാണെന്ന് വിശ്വസിച്ചാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രോഷാകുലയായത്.
കങ്കണയുടെ വാക്കുകള്‍:
ആ പാവം മനുഷ്യനെ കളിയാക്കുന്ന ഇയാളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ ഇന്ത്യക്കാരും ഓര്‍ക്കുക, ഇതുകൊണ്ടാണ് നിങ്ങളൊക്കെ ഈ അമിത ജനസംഖ്യയുള്ള രാജ്യത്തിന് ഒരു ഭാരമാകുന്നത്. ഒരു പാവപ്പെട്ടവനെ ഭീഷണിപ്പെടുത്താനും പരിഹസിക്കാനും ഈ മണ്ടന് നാണമില്ല.
വാസുദേവ് നിങ്ങളെപ്പോലുള്ള ഒരു പണക്കാരന് ദരിദ്രനും നിസ്സാരനുമായിരിക്കാം, പക്ഷേ അവന്റെ സങ്കടവും വേദനയും നിരാശയും അത് ഏത് സാഹചര്യത്തിലും പ്രകടിപ്പിക്കാന്‍ വസുദേവിന് അവകാശമുണ്ട്. ഈ ലോകത്തിനപ്പുറം നാമെല്ലാവരും തുല്യരായ ഒരു ലോകമുണ്ടെന്ന് ഓര്‍ക്കുക.
കങ്കണയുടെ പരാമര്‍ശത്തിന് പിന്നാലെ താരം ട്വിറ്ററില്‍ ട്രെന്റിംഗാണ്. പദ്മശ്രീ ജേതാവ് കൂടിയായ താരം ഇത്തരത്തില്‍ മണ്ടത്തരം പറയരുതെന്നാണ് പലരും ട്വീറ്റ് ചെയ്യുന്നത്.