'ധാക്കഡ്' ബോക്‌സ് ഓഫീസില്‍ പരാജയമായതിന് പിന്നാലെ ന്യായീകരണവുമായി നടി കങ്കണ റണാവത്ത്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പരാജയം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് കങ്കണ ന്യായീകരണവുമായി രംഗത്തെത്തിയത്.
നെഗറ്റിവിറ്റി ഒരുപാട് താന്‍ കാണുന്നുണ്ട്. പക്ഷെ 2022 തീര്‍ച്ചയായും ബ്ലോക്ബസ്റ്റര്‍ വര്‍ഷമായിരിക്കും. അതില്‍ ഒരുപാട് പ്രതീക്ഷയുണ്ടെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. തന്റെ മുന്‍ സിനിമകളുടെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.
കങ്കണയുടെ വാക്കുകള്‍:
'2019ല്‍ ഞാന് 160 കോടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമ മണികര്‍ണ്ണിക തന്നു. 2020 കൊവിഡ് സമയമായിരുന്നു. 2021ലാണ് എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ തലൈവി റിലീസ് ചെയ്തത്. അത് ഒടിടിയില്‍ വരുകയും വലിയ വിജയമാവുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ ഒരുപാട് നെഗറ്റിവിറ്റി കാണുന്നുണ്ട്. പക്ഷെ 2022 ബ്ലോക്ബസ്റ്റര്‍ വര്‍ഷമാണ്. ലോക്ക് അപ്പ് ഹോസ്റ്റ് ചെയ്തു. പിന്നെ ഈ വര്‍ഷം കഴിഞ്ഞിട്ടില്ല. എനിക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്.'
നിലവില്‍ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ് കങ്കണ. ചിത്രത്തിന്റെ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. 'തേജസാ'ണ് റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ മറ്റൊരു ചിത്രം. എയര്‍ ഫോഴ്‌സ് പൈലറ്റായാണ് കങ്കണ ചിത്രത്തിലെത്തുന്നത്.