വൃക്കരോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന തമിഴ് നടന്‍ പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് നടന്‍ കമല്‍ഹാസന്‍. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വഹിക്കും. മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കൂടിയായ കമല്‍ഹാസന്‍ പൊന്നമ്പലവുമായി ഫോണില്‍ സംസാരിച്ചിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതറിഞ്ഞ് കമല്‍ഹാസന്‍ ബന്ധപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സഹായം വാഗ്ദാനം ചെയ്തു. ആശുപത്രിയില്‍ നിന്നുള്ള പൊന്നമ്പലത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്താലാണ് ശ്വാസമെടുക്കുന്നതെന്ന് ദൃശ്യങ്ങളിലുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് പൊന്നമ്പലം ശ്രദ്ധനേടിയത്. തമിഴില്‍ സ്റ്റണ്ട് മാനായായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ക്യാറക്ടര്‍ റോളുകളിലും സജീവമായി. അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന്‍ കാമരാജന്‍ എന്നീ ചിത്രങ്ങളില്‍ പൊന്നമ്പലം വേഷമിട്ടിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങള്‍ ശ്രദ്ധനേടിയത് കെഎസ് രവികുമാറിന്റെ നാട്ടാമൈ പോലുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തു. രജനീകാന്തിനൊപ്പം മുത്തു, അരുണാചലം, അജിത്തിനൊപ്പം അമര്‍കളം, വിക്രത്തിനൊപ്പം സാമി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 2019 ല്‍ പുറത്തിറങ്ങിയ ജയം രവി നായകനായ കോമാളിയിലാണ് അവസാനമായി അഭിനയിച്ചത്. ആട് 2, പ്രജാപതി, താണ്ഡവം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് തമിഴിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു .