ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മഴയെത്തും മുന്‍പെയും അഴകിയ രാവണനും. മഴയെത്തും മുമ്പേ എന്ന ചിത്രത്തിന് ശേഷം അതെ കൂട്ടുകെട്ടിൽ തങ്ങൾ ആലോചിച്ചിരുന്ന ചിത്രമായിരുന്നു അഴകിയ രാവണൻ എന്നും കഥ പറയാനായി ശ്രീനിവാസൻ മമ്മൂട്ടിയെ ഫോണിൽ വിളിക്കുന്ന സമയത്ത് വേദനിക്കുന്നൊരു കോടീശ്വരന്റെ കഥാപാത്രമാണ് എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ എന്നും പിന്നീട് അഴകിയ രാവണന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വരുമ്പോഴാണ് മമ്മൂട്ടി സിനിമയുടെ കഥ കേൾക്കുന്നതെന്നും റിപ്പോട്ടർ ടിവിയുടെ പരിപാടിയിൽ സംസാരിക്കവേ കമൽ പറഞ്ഞു.
കമൽ പറഞ്ഞത്:
മഴയെത്തും മുമ്പേ കഴിഞ്ഞ ഉടനെ ഞങ്ങൾ ആലോചിച്ച സിനിമയായിരുന്നു അഴകിയ രാവണൻ. ഞാൻ, സിനിമയുടെ പ്രൊഡ്യൂസർ, ശ്രീനിവാസൻ, മമ്മൂട്ടി, അങ്ങനെ തന്നെയാണ് ആ സിനിമ ആലോചിച്ചിരുന്നത്. ഇങ്ങനൊരു കഥ വന്നപ്പോൾ ഞങ്ങൾ ആദ്യം പ്രൊഡ്യൂസറുടെ അടുത്ത് ചെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു അല്ല ഇത് മമ്മൂട്ടി ചെയ്ത് കഴിഞ്ഞാൽ കുഴപ്പമാവില്ലേ, മമ്മൂട്ടി ചീത്ത വിളിക്കില്ലേ, ഇത് മോഹൻലാൽ ചെയ്യേണ്ടുന്ന കഥാപാത്രമല്ലേ എന്ന് ചോദിച്ചു. നമുക്ക് പറഞ്ഞു നോക്കാം എന്ന് പറഞ്ഞു ഞങ്ങൾ അന്ന്. ശ്രീനിവാസനാണ് മമ്മൂട്ടിയോട് ഫോണിൽ സംസാരിച്ചത്. ഒരു വേദനിക്കുന്ന കോടീശ്വരന്റെ കഥാപാത്രമാണെന്ന് മാത്രം പറഞ്ഞു. അപ്പോ മമ്മൂട്ടി കുറച്ചു നേരം സെെലന്റായി. ഒന്നും പറഞ്ഞില്ല. ഞാൻ അഞ്ച് മിനിട്ട് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വച്ചു. ഞങ്ങൾ വിചാരിച്ചു അദ്ദേഹം ഇനി വിളിക്കില്ല എന്ന്. അദ്ദേഹം തിരിച്ചു വിളിച്ചിട്ട് ചോദിച്ചു നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. എന്നെ കളിയാക്കാനാണോ എന്ന് ചോദിച്ചു. ഫോണിൽ കൂടി വേദനിക്കുന്നൊരു കോടീശ്വരൻ എന്ന് മാത്രമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല, പിന്നീട് ഷൂട്ടിംഗ് സമയത്ത് ലൊക്കേഷനിൽ വന്നിട്ടാണ് കഥ പറയുന്നത്. അന്ന് കഥ പറഞ്ഞപ്പോൾ പുള്ളി ചിരിച്ചു. പുള്ളിക്ക് അത് മനസ്സിലായി. ഇന്നായിരുന്നെങ്കിൽ നമുക്ക് അത് അംഗീകരിക്കാൻ പറ്റും. പ്രാഞ്ചിയേട്ടൻ അടക്കമുള്ള സിനിമകളിൽ പുള്ളി പിന്നീട് അഭിനയിച്ചിട്ടുള്ളതല്ലേ? പക്ഷേ അന്ന് അത് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നിട്ട് പോലും മമ്മൂക്ക അതിന് തയ്യാറായി എന്നുള്ളതാണ്.
ഇതുപോലെ തന്നെയായിരുന്നു മഴയെത്തും മുമ്പേ എന്ന ചിത്രത്തിന്റെ കാര്യവും എന്നും കമൽ പറയുന്നു. സിനിമയുടെ കഥ ആലോചിച്ചതിന് ശേഷം മമ്മൂട്ടിയോട് കഥ പറയാൻ വിളിച്ചത് ശ്രീനിവാസനായിരുന്നു. അന്ന് ശ്രീനി മമ്മൂട്ടിയോട് പറയുന്നത് സുന്ദരനായ പ്രായമുള്ള ഒരു അദ്ധ്യാപകന്റെ കഥാപാത്രമാണ് ഇത് എന്നാണ്. അപ്പോൾ മമ്മൂക്ക ഉടനെ പറഞ്ഞു, ആ പ്രായമുള്ളത് എന്നത് അങ്ങ് വെട്ട്, ബാക്കി ഒക്കെ ഓക്കെയാണ് എന്ന്. സിനിമയുടെ കഥ പോലും അദ്ദേഹം കേട്ടിരുന്നില്ല എന്നും കമൽ പറഞ്ഞു.