'ഇന്നാണെങ്കില്‍ ആ സിനിമ അങ്ങനെ ചെയ്യില്ല' ; നായിക പരിശുദ്ധയായിരിക്കണമെന്ന പൊതുബോധം സിനിമകളെ ബാധിച്ചിരുന്നുവെന്ന് കമല്‍

'ഇന്നാണെങ്കില്‍ ആ സിനിമ അങ്ങനെ ചെയ്യില്ല' ; നായിക പരിശുദ്ധയായിരിക്കണമെന്ന പൊതുബോധം സിനിമകളെ ബാധിച്ചിരുന്നുവെന്ന് കമല്‍
Published on

നായകന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന നായിക പരിശുദ്ധ ആയിരിക്കണമെന്ന പൊതുബോധം തൊണ്ണൂറുകളില്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. കുടുംബ പ്രേക്ഷകര്‍ക്ക് ഇന്റിമസി സീനുകള്‍ പറ്റാത്തത് കൊണ്ട് പല സിനിമകളും ചെയ്യാതെ പോയിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. 'ദ ക്യു' മാസ്റ്റര്‍ സ്ട്രോക്കില്‍ മനീഷ് നാരായണനുമായി സംസാരിക്കവേയായിരുന്നു കമലിന്റെ പ്രതികരണം.

തൊണ്ണൂറുകളില്‍ ചെയ്ത മഴയെത്തും മുൻപെയില്‍ ഇന്റിമസി സീനുകള്‍ ഒഴിവാക്കാനായി പല വിട്ടുവീഴ്ചയും നടത്തിയിട്ടുണ്ട്. മഴയെത്തും മുന്‍പെയില്‍ ആനിയുടെ കഥാപാത്രവും നന്ദന്‍ മാഷുമായി ഒരു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം നിര്‍മ്മാതാവായ മാധവന്‍ നായരുടെയും മറ്റ് പലരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. നായകനായ മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നും അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തെ അപ്രകാരം ചിത്രീകരിക്കുന്നതുമായിരുന്നു പ്രശ്നമായി ചൂണ്ടികാണിക്കപ്പെട്ടത്. ശ്രീനിവാസനും അങ്ങനെയൊരു രംഗം ചിത്രീകരിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നുവെന്നും കമല്‍ പറഞ്ഞു.

അഴകിയ രാവണനില്‍ ബിജുമേനോന്റെയും ഭാനുപ്രിയയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ റിസ്‌ക് താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞത് കൊണ്ടാണ് സിനിമയില്‍ അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്യാന്‍ സാധിച്ചത്. നായികയുടെ പരിശുദ്ധി വിഷയമായത് കൊണ്ടാണ് 'മഴയെത്തും മുന്‍പെ' ഹിറ്റ് ആയതും, അഴകിയ രാവണന്‍ അത്ര ഹിറ്റ് ആവാതെ പോയതെന്നും കമല്‍ പറഞ്ഞു.

അന്ന് നെഗറ്റീവ് പറഞ്ഞിരുന്നത് ഭാനുപ്രിയയുടെ കഥാപാത്രം അങ്ങനെ ചെയ്തുവെന്നാണ്. ഒരുപാട് വിട്ടുവീഴ്ച അവസാനം അതില്‍ ചെയ്യേണ്ടി വന്നു. അവള്‍ കാലില്‍ വീണിട്ട് വെറുപ്പിന്റെ അവസാനം എന്നൊക്കെ പറയുന്നുണ്ട്. എത്രമാത്രം സ്ത്രീവിരുദ്ധമാണത്. ഇന്നാണെങ്കില്‍ ഞാന്‍ അങ്ങനെ ഒരു സിനിമ ആലോചിക്കില്ല
കമല്‍

മറ്റൊരാളുടെ കൂടെ ജീവിച്ച പെണ്ണിനെ ഏറ്റെടുക്കുന്നത് ശങ്കര്‍ദാസിന്റെ മഹത്വമായി ഉദ്‌ഘോഷിക്കുന്ന തരത്തിലാണ് സിനിമ ചിത്രീകരിക്കേണ്ടി വന്നത്. അങ്ങനെയുള്ള പല പ്രശ്നങ്ങളും ആ കാലഘട്ടത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും 'അവളുടെ രാവുകള്‍' പോലുള്ള സിനിമകള്‍ സംവിധാനം ചെയ്ത ഐ വി ശശിക്ക് പോലും ആ കാലഘട്ടമെത്തിയപ്പോള്‍ ഒരുപാട് മാറേണ്ടി വന്നുവെന്നും കമല്‍ പറഞ്ഞു.

ഞങ്ങളുടെ ഒരു കാലഘട്ടത്തില്‍ എണ്‍പതുകളുടെ പകുതിയോടും തൊണ്ണൂറുകളുടെ തുടക്കത്തോടും കൂടി കേരളം സമൂഹം ഒരുപാട് മാറിപ്പോയി. അണുകുടുംബ വ്യവസ്ഥ യാത്രാഥ്യമാകുന്ന കാലഘട്ടത്തില്‍ അച്ഛന്‍, അമ്മ, മക്കള്‍ മാത്രമുള്ള കുടുംബങ്ങളായി കഴിഞ്ഞപ്പോള്‍ അനാവശ്യമായ ചില മൂടി വെക്കലുകളും സദാചാരം ആണോ എന്നറിയില്ല ചില സിനിമയില്‍ അങ്ങനെ പറയാന്‍ പാടില്ല. ഒരു ഇന്റിമസി സീന്‍ പോലും കാണിക്കാന്‍ ഭയപ്പെടുന്ന ഒരു കാലഘട്ടത്തിലേക്ക് മാറി
കമല്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മഴയെത്തും മുന്‍പെയും അഴകിയ രാവണനും. മമ്മൂട്ടിയായിരുന്നു ഇരുചിത്രത്തിലും നായകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in