'ആസിഫിന്റെ ആ ചിത്രം കമൽ ഹാസൻ സാർ റീമേക്ക് ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു'; ജിസ് ജോയ്

'ആസിഫിന്റെ ആ ചിത്രം കമൽ ഹാസൻ സാർ റീമേക്ക് ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു'; ജിസ് ജോയ്
Published on

ബോബി& സഞ്ജയ്യുടെ തിരക്കഥയിൽ ആസിഫ് അലി ഒരു പ്രധാന കഥാപാത്രമായി എത്തിയ 'ഉയരെ' റീമേക്ക് ചെയ്യാൻ കമൽ ഹാസന് താൽപര്യമുണ്ടായിരുന്നു എന്ന് സംവിധായകൻ ജിസ് ജോയ്. ആസിഫ് അലിയെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 'തലവൻ'. ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടിയതിന് പിന്നാലെ 'തലവൻ' ടീമിനെ രാജ്കമൽ ഫിലിംസിന്റെ ചെന്നൈ ഓഫിസിലേക്ക് വിളിച്ചുവരുത്തി കമൽ ഹാസൻ അഭിനന്ദിച്ചിരുന്നു. തലവൻ ടീം കമൽ ഹാസനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 'ഉയരെ' സിനിമയെക്കുറിച്ചും അത് റീമേക്ക് ചെയ്യാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു എന്നതിനെക്കുറിച്ചും കമൽ ഹാസൻ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇത് വെളിപ്പെടുത്തിയത്.

ജിസ് ജോയ് പറഞ്ഞത്:

കമൽ ഹാസൻ സാറിന് ആസിഫ് അഭിനയിച്ച 'ഉയരെ' സിനിമ വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. 'ട്രാഫിക്ക്' എന്ന ചിത്രം മുതൽ ബോബി& സഞ്ജയ് കൂട്ടുകെട്ടിനെ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ എഴുത്ത് അ​ദ്ദേഹത്തിന് ഇഷ്ടമാണ്. അവരുമായി നിരന്തരം കോൺടാക്ട് വയ്ക്കുന്നയാളാണ് അദ്ദേഹം. പുതിയ ആൾക്കാർക്ക് അറിയാത്ത കാര്യങ്ങളാണ് ഇത്. ബോബി& സഞ്ജയ്ക്ക് എപ്പോൾ വേണമെങ്കിലും കമൽ ഹാസൻ‌ സാറിനെ വിളിക്കാനുള്ള അത്രയും വലിയ അടുപ്പമുണ്ട്. അവർ ഇപ്പോഴും സംസാരിക്കുന്നവരാണ്, അവരുടെ സിനിമകൾ അദ്ദേഹം വല്ലാണ്ട് ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ശ്രദ്ധിച്ച സിനിമയാണ് ഉയരെ. അദ്ദേഹം റീമേക്ക് ചെയ്യണം എന്ന് ആ​ഗ്രഹിച്ച സിനിമയാണ് അത്. അദ്ദേഹത്തിന് ഉയരെ പ്രൊഡ്യൂസ് ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. കമൽ സാറിനെ കണ്ടപ്പോൾ അദ്ദേഹത്തിന് ആസിഫിനെ അറിയുമോ എന്ന് ആസിഫിന് സംശയമുണ്ടായിരുന്നു. അതുകൊണ്ട് ആസിഫ് വളരെ ഭവ്യതയോടെ ഞാൻ ആസിഫ് എന്ന് പരിചയപ്പെടുത്തിയപ്പോഴാണ്, എനിക്കറിയാം ഞാൻ നിങ്ങളുടെ ഉയരെ എന്ന ചിത്രം കണ്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞത്.

ആസിഫ് അലിയും ബിജു മേനോനും അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളും കുറ്റാന്വേഷണവും പ്രമേയമാക്കിയ ചിത്രമായിരുന്നു തലവൻ. തന്റെ പതിവ് ശൈലിയിൽ നിന്നും വ്യതിചലിച്ച് ത്രില്ലർ മോഡിൽ ജിസ് ജോയ് ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in