'അമ്മ'യിൽ അംഗമായി കമൽ ഹാസൻ : ഹോണററി മെമ്പർഷിപ് നൽകി സിദ്ധിഖ്

'അമ്മ'യിൽ അംഗമായി കമൽ ഹാസൻ : ഹോണററി മെമ്പർഷിപ് നൽകി സിദ്ധിഖ്
Published on

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ അംഗത്വമെടുത്ത് കമൽ ഹാസൻ. മെമ്പർഷിപ് ക്യാമ്പയിന്റെ ഭാഗമായി, സംഘടയുടെ ജനറൽ സെക്രട്ടറി സിദ്ധിഖ് ഹോണററി മെമ്പർഷിപ് നൽകിക്കൊണ്ട് കമൽ ഹാസനെ സ്വാഗതം ചെയ്തു. അമ്മ അസോസിയേഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കൊച്ചിയിലെ ഓഫീസിൽ വെച്ച് അൻസിബ , ബാബുരാജ് , ജനറൽ സെക്രട്ടറി സിദ്ദിഖ് എന്നിവർ ചേർന്നാണ് മെമ്പർഷിപ് സമ്മാനിച്ച് നടനെ സ്വാഗതം ചെയ്തത്. സോഷ്യൽ മീഡിയ കുറിപ്പിൽ 'ഇന്ത്യൻ 2'വിന് ആശംസകൾ നേർന്നുകൊണ്ടാണ് സംഘടന വാർത്ത പുറത്തുവിട്ടത്.

സോഷ്യൽ മീഡിയ കുറിപ്പ് ഇങ്ങനെ :

'അമ്മ കുടംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. ഹോണററി മെമ്പർഷിപ് ഏറ്റു വാങ്ങിക്കൊണ്ട് ഉലകനായകൻ കമൽ ഹാസൻ സാർ നമ്മുടെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമിടുകയാണ്. അമ്മ കുടുംബത്തിന്റെ പേരിൽ ഇന്ത്യൻ 2 വിന് എല്ലാവിധ ആശംസകളും നേരുന്നു. മെമ്പർഷിപ് ക്യാമ്പയിൻ ദിവസങ്ങൾ വരുന്നു .

ഷങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2 ' വിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് കമൽ ഹാസൻ കൊച്ചിയിലെത്തിയത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി സേനാപതി എന്ന കഥാപാത്രം തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൃഷ്ണസ്വാമി ഐ പി എസ് എന്ന കഥാപാത്രമായി അന്തരിച്ച മലയാള നടൻ നെടുമുടി വേണുവും ചിത്രത്തിലുണ്ട്. രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം രവി വര്‍മ്മനാണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. 250 കോടിയോളം രൂപയാണ് ഇന്ത്യൻ 2 വിന്റെ ബഡ്‌ജറ്റ്‌. തമിഴിൽ കൂടാതെ തെലുങ്കിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in