നടൻ കമൽ ഹാസനെ സന്ദർശിച്ച് ടീം മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സിന്റെ തമിഴ്നാട്ടിലെ പ്രമോഷനിടെയാണ് സംവിധായകൻ ചിദംബരവും സംഗീത സംവിധായകൻ സുഷിൻ ശ്യാമും അടങ്ങുന്ന ചിത്രത്തിന്റെ ടീം അംഗങ്ങൾ കമൽ ഹാസനെ കണ്ടത്. മഞ്ഞുമ്മൽ ബോയ്സിന്റെ പ്രത്യേക ഷോയും കമൽ ഹാസന് വേണ്ടി സംഘടിപ്പിച്ചിരുന്നു. ഗുണ എന്ന ചിത്രത്തിന്റെ സംവിധായകൻ സന്താനഭാരതിയും സിനിമ കാണാൻ എത്തിയിരുന്നു.
കമൽ ഹാസൻ സിനിമകൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് താൻ എന്നും മുമ്പ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ചിദംബരം പറഞ്ഞിരുന്നു. വിരുമാണ്ടി പോലെയുള്ള ചിത്രങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും മഞ്ഞുമ്മൽ ബോയ്സ് കാരണമെങ്കിലും അദ്ദേഹത്തെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട് എന്നും ചിദംബരം പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. ഇതാണ് സിനിമയുടെ ക്ലെെമാക്സ് എന്നാണ് കമൽ ഹാസനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ ചിദംബരം അറിയിച്ചിരിക്കുന്നത്.
ചിദംബരം പറഞ്ഞത്:
ഞാൻ വലിയൊരു കമൽ ഹാസൻ ഫാൻ ആണ്. അദ്ദേഹം ഒരു നടൻ മാത്രമല്ല ഒരു ഫുൾ ഫിലിം മേക്കർ കൂടിയാണ്. വളരെ ബ്രില്ല്യന്റായ സംവിധായകനാണ്. എന്നെ വളരെയധികം സ്വാധീനിച്ച പടങ്ങളാണ് വിരുമാണ്ടി പോലെയുള്ള ചിത്രങ്ങളൊക്കെ അദ്ദേഹം വളരെ നല്ലൊരു ഫിലിം മേക്കറാണ്. ഹീ വാസ് ബോൺ ഫോർ ഫിലിം. ചെറുപ്പത്തിലെ ബാലതാരമായി സിനിമയിൽ വന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുപ്പത് വയസ്സുമുതൽ ഹീ ഈസ് എ മാസ്റ്റർ. ഈ സിനിമ കാരണം എങ്കിലും എനിക്ക് കമൽ ഹാസനെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നാണ് എന്റെ ആഗ്രഹം.
കേരളത്തിന് പുറമേ തമിഴ്നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രതികരണമാണ് നേടുന്നത്. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.