വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് പോസ്റ്റുമായി ബോളിവുഡ് നടി കൽക്കി കെക്ല. ഗാസയിൽ നടക്കുന്നത് വംശീയ ഉന്മൂലനമാണ് എന്നും മനുഷ്യർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വെർച്ച്വൽ ലോകത്ത് നിന്നും പുറത്തു കടക്കണമെന്നും മനുഷ്യത്വത്തെ മുറുകെ പിടിക്കാൻ ശ്രമിക്കണമെന്നും കൽക്കി പറയുന്നു. പലസ്തീനികളുടെയും ഇസ്രായേലികളുടെയും ഭാവി തലമുറകൾക്ക് ഇസ്രായേലിന്റെ ഈ ആക്രമണം മരണമല്ലാതെ മറ്റൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ നടക്കുന്ന ആവേശമേറിയ രാഷ്ട്രീയ സംവാദങ്ങൾക്ക് തുടക്കം കുറിച്ച് ഒരു വർഷം പിന്നിട്ടിട്ടും ഇവിടെ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാ എന്നതിൽ വളരെയധികം നിരാശയും ദേഷ്യവുമുണ്ടെന്നും കൽക്കി കെക്ല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
കൽക്കിയുടെ പോസ്റ്റ്:
വടക്കൻ ഗാസയെ കാലിയാക്കാനായുള്ള ഇസ്രായേൽ ഗവൺമെൻ്റിൻ്റെ ഏറ്റവും പുതിയ നീക്കം വംശീയ ഉന്മൂലനം എന്ന് തന്നെ വിളിക്കാവുന്നതാണ്. പലസ്തീനികളുടെയും ഇസ്രായേലികളുടെയും ഭാവി തലമുറകൾക്ക് ഈ സർക്കാർ മരണമല്ലാതെ മറ്റൊന്നും വാഗ്ദാനം ചെയ്യുന്നില്ല. നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കൂടി ഇതിനെക്കുറിച്ച് പങ്കിടാം, എന്നാൽ സോഷ്യൽ മീഡിയയ്ക്ക് അപ്പുറത്തേക്ക് ഈ വിഷയത്തെക്കുറിച്ച് നിങ്ങൾ റിസർച്ച് ചെയ്യണം. യഥാർത്ഥ ലോകത്ത് ഈ ഭീകരത തടയാൻ പ്രവർത്തിക്കുന്ന സംഘടനകളെ കണ്ടെത്തുക, അവരെ പിന്തുണയ്ക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന ആവേശമേറിയ രാഷ്ട്രീയ സംവാദങ്ങളിൽ ഞാൻ തളർന്നിരിക്കുകയാണ്, എനിക്ക് അതിൽ ദേഷ്യവും നിരാശയുമുണ്ട് കാരണം കഴിഞ്ഞ ഒരു വർഷമായി ഈ യാഥാർത്ഥ്യത്തിന് ഒരു മാറ്റവും ഇവിടെ സംഭവിക്കുന്നില്ല. മനുഷ്യരെ ആസൂത്രിതമായി പീഡിപ്പിക്കുകയും അപമാനിക്കുകയും തകർക്കുകയും കത്തിക്കുകയും പട്ടിണിക്കിടുകയും കശാപ്പ് ചെയ്യുകയും ചെയ്യുന്നു. ഈ വെർച്ച്വൽ ലോകത്തിന് പുറത്ത് നിങ്ങൾ നിങ്ങളുടെ മനുഷ്യത്വം കണ്ടെത്തുക. അതിനെ മുറുകെ പിടിക്കാനും പരിപോഷിപ്പിക്കാനും ശ്രമിക്കുക. അതിനു വേണ്ടി നിങ്ങളുടെ നിരന്തരകമായ ശക്തിയും പിന്തുണയും നൽകുക.
മുൻപ് ഗാസയിലെ റാഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് 'All eyes on Rafah'അതായത് എല്ലാ കണ്ണുകളും റഫയിൽ എന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടത്തിയ കാംപെയ്നിൽ ഇന്ത്യൻ സിനിമയിലെ കുറേയധികം താരങ്ങൾ പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു. മെയ് 26ന് രാത്രി റഫയിലെ അഭയാർത്ഥി കൂടാരങ്ങൾക്കുമേൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 45 പേർ വെന്തുമരിച്ചതിന് പിന്നാലെയാണ് കാംപെയ്ൻ ശക്തമായത്.