'ആദ്യ 24 മണിക്കൂറിൽ വിറ്റത് 1.12 മില്യൺ ടിക്കറ്റ്, കേരളത്തിൽ നിന്ന് 2.86 കോടി ' ; മികച്ച പ്രതികരണം നേടി പ്രഭാസ് ചിത്രം കൽക്കി

'ആദ്യ 24 മണിക്കൂറിൽ വിറ്റത് 1.12 മില്യൺ ടിക്കറ്റ്, കേരളത്തിൽ നിന്ന് 2.86 കോടി ' ; മികച്ച പ്രതികരണം നേടി പ്രഭാസ് ചിത്രം കൽക്കി
Published on

കേരള ബോക്സ് ഓഫീസിൽ നിന്ന് മികച്ച പ്രതികരണവും കളക്ഷനും നേടി പ്രഭാസ് ചിത്രം കൽക്കി 2898AD. ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് 2.86 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു തെലുങ്ക്‌ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന നാലാമത്തെ ഉയർന്ന കളക്ഷനാണ് കൽക്കി സ്വന്തമാക്കിയിരിക്കുന്നത്. പ്രഭാസ് ചിത്രങ്ങളായ ബാഹുബലി 2, സലാർ, എസ് എസ് രാജമൗലിയുടെ ആർ ആർ ആർ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള സിനിമകൾ. 1.12 മില്യൺ ടിക്കറ്റാണ് ബുക്ക് മൈ ഷോ വഴി ചിത്രം വിറ്റഴിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ വിഷ്വലിനെയും നാഗ് അശ്വിന്റെ സംവിധാനത്തെയും അമിതാഭ്‌ ബച്ചന്റെ പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായ കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഹാഭാരതത്തിന് നാ​ഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലായാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. 'കല്‍കി 2898 എഡി' നിര്‍മിക്കുന്നത് വെെജയന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ്. ചിത്രത്തിൽ ദ്രോണ പുത്രനും ചിരഞ്ജീവിയുമായ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. അമിതാഭ് ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ വേഷവും റിലീസിന് മുൻപ് തന്നെ ചർച്ചയായിരുന്നു.

തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

Related Stories

No stories found.
logo
The Cue
www.thecue.in