നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാൽക്കിയെ പ്രശംസിച്ച് നടൻ അല്ലു അർജുൻ. ചിത്രം മികച്ച ദൃശ്യാനുഭവമാണ് നൽകുന്നത് എന്നും ആഗോള തലത്തിലുള്ള പ്രേക്ഷകരുടെ ദൃശ്യ നിലവാരവുമായി പൊരുത്തപ്പെടുന്ന തരത്തിൽ നമ്മുടെ സംസ്കാരത്തെ വിനിമയം ചെയ്യാൻ ഈ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നും എക്സിൽ പങ്കു വച്ച പോസ്റ്റിൽ അല്ലു അർജുൻ പറഞ്ഞു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ എന്നിവരുടെ അഭിനയത്തെക്കുറിച്ചും സംവിധായകൻ നാഗ് അശ്വിൻ അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകരെക്കുറിച്ചും പോസ്റ്റിൽ അല്ലു അർജുൻ എടുത്ത് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടൻ രജിനികാന്തും സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. കൽക്കി മികച്ച ഒരു ഇതിഹാസ സിനിമയാണെന്നും സംവിധായകൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു എന്നും പറഞ്ഞ രജിനികാന്ത് സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു എന്നും എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ജൂൺ ഇരുപത്തിയേഴിന് തിയറ്ററുകളിലെത്തിയ കൽക്കി റിലീസിന്റെ ആദ്യ ദിവസം തന്നെ നേടിയത് നൂറ് കോടിക്ക് മുകളിലാണ്. ഇതോടെ 100 കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ പ്രഭാസ് ചിത്രമായി മാറിയിരിക്കുകയാണ് കൽക്കി. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഹാഭാരതത്തിന് നാഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലായാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.
വെെജയന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ ദ്രോണ പുത്രനും ചിരഞ്ജീവിയുമായ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. അമിതാഭ് ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ വേഷവും റിലീസിന് മുൻപ് തന്നെ ചർച്ചയായിരുന്നു.തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.