'പ്രഭാസിന്റെ അഞ്ചാമത്തെ നൂറ് കോടി ചിത്രമായി കൽക്കി'; ആദ്യ ദിനം നേടിയത് 191.5 കോടി

'പ്രഭാസിന്റെ അഞ്ചാമത്തെ നൂറ് കോടി ചിത്രമായി കൽക്കി'; ആദ്യ ദിനം നേടിയത് 191.5 കോടി
Published on

റിലീസ് ദിനത്തിൽ തന്നെ നൂറ് കോടി കടന്ന് പ്രഭാസ് ചിത്രം കൽക്കി 2898 എഡി. ഇതോടെ 100 കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ പ്രഭാസ് ചിത്രമായി മാറിയിരിക്കുകയാണ് കൽക്കി. റിലീസ് ദിനത്തിൽ 191.5 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കൽക്കി. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 2024 ജൂൺ 27ന് പ്രദർശനത്തിനെത്തിയ ചിത്രം കേരളത്തിൽ നിന്നും മികച്ച കളക്ഷനാണ് നേടിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ നിന്നും കൽക്കി 2.86 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഒരു തെലുങ്ക്‌ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന നാലാമത്തെ ഉയർന്ന കളക്ഷനാണ് കൽക്കി സ്വന്തമാക്കിയിരിക്കുന്നത്.

എസ് എസ് രാജമൗലിയുടെ സംവിധാനം ചെയ്ത ബാഹുബലി : ദ ബിഗിനിങ് ആണ് പ്രഭാസിന്റെ ആദ്യ നൂറ് കോടി ചിത്രം. ബാഹുബലിയുടെ രണ്ടാം ഭാ​ഗമായ ബാഹുബലി 2: ദ കൺക്ലൂഷനും ബോക്സ് ഓഫീസിൽ ചരിത്രം ആവർത്തിച്ചു. ഇതോട് കൂടി ലോകമെമ്പാടും വലിയ തരത്തിലുള്ള പ്രേക്ഷകരെ നേടിയെടുക്കാൻ പ്രഭാസിന് സാധിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി സുജീത് സംവിധാനം ചെയ്ത 'സാഹോ' പ്രശാന്ത് നീൽ ചിത്രം 'സലാർ: ഭാഗം 1', തുടങ്ങിയവയാണ് പ്രഭാസിന്റെ മറ്റ് നൂറ് കോടി ചിത്രങ്ങൾ.

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായ കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഹാഭാരതത്തിന് നാ​ഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലായാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.

വെെജയന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ ദ്രോണ പുത്രനും ചിരഞ്ജീവിയുമായ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. അമിതാഭ് ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ വേഷവും റിലീസിന് മുൻപ് തന്നെ ചർച്ചയായിരുന്നു.തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

Related Stories

No stories found.
logo
The Cue
www.thecue.in