ഉള്ളൊഴുക്ക് എന്ന ചിത്രം പ്രയാസം കൊണ്ട് മുഴുവനായി കണ്ടു തീര്‍ക്കാനായില്ലന്ന് നടിയും ഉര്‍വശിയുടെ സഹോദരിയുമായ കലാരഞ്ജിനി. സിനിമ കണ്ടുതീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് താന്‍ ഉര്‍വശിയെ വിളിച്ചു പറഞ്ഞു. കഥാപാത്രങ്ങളായി ഉര്‍വശി ജീവിക്കുകയാണ്. ഉര്‍വശി എന്ന മഹാനടിയെ എല്ലാവരെയും പോലെ തന്നെ താനും ആരാധിക്കുന്നുണ്ട്. പക്ഷെ തന്റെ വീട്ടില്‍ തനിക്ക് അനിയത്തിയാണ്. ഉര്‍വശിയെ പോലെ ഒരു കലാകാരി സഹോദരിയായി വന്നതില്‍ അഭിമാനമുണ്ട് എന്ന് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കലാരഞ്ജിനി പറഞ്ഞു. 'ഉള്ളൊഴുക്ക്' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉര്‍വശി സ്വന്തമാക്കിയിരുന്നു. നടിയ്ക്ക് ലഭിക്കുന്ന ആറാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് ഇത്. പ്രേക്ഷകരുടെ ഓരോ പ്രോത്സാഹനവും അവാര്‍ഡുകളായിട്ടാണ് തോന്നുന്നതെന്ന് പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ഉര്‍വശി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്ധഗൻ ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
കലാരഞ്ജിനി പറഞ്ഞത്:
ഉള്ളൊഴുക്ക് ഞാന്‍ മുഴുവനായി കണ്ടിട്ടില്ല. പകുതി കണ്ടതിന് ശേഷം ബാക്കി കാണാന്‍ ആവുന്നില്ല. ഞാന്‍ ഉര്‍വശിയെ വിളിച്ചു പറഞ്ഞിരുന്നു കാണാന്‍ കഴിയുന്നില്ല എന്ന്. ഒരു ആശ്വാസമില്ല സിനിമയില്‍, മുഴുവന്‍ ദുഃഖം മാത്രമാണ്. അതുകൊണ്ട് പകുതി കണ്ടു. ബാക്കി പിന്നെ കാണാമെന്ന് കരുതി. നിറക്കൂട്ട് ഒക്കെ ചെയ്യുന്നത് വരെ ഉര്‍വശി സിനിമയെ ഗൗരവമായി എടുത്തിട്ടില്ലായിരുന്നു. ഇതാണ് തന്റെ ജീവിതത്തെ കൊണ്ടുപോകുന്നത് എന്ന് അന്ന് ആലോചിച്ചിട്ടില്ല. അത് കഴിഞ്ഞ് അവളുടെ വ്യത്യാസങ്ങള്‍ ഓരോന്നും നോക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ കഥാപത്രങ്ങളെയും അവള്‍ ജീവിക്കുകയാണ്. സ്‌ക്രിപ്റ്റ് നന്നായി വായിച്ച് എങ്ങനെ ചെയ്യാം എന്നെല്ലാം ആലോചിക്കും. പക്ഷെ ഷൂട്ടിന് വരുമ്പോഴാണ് അവള്‍ കഥാപാത്രമായി മാറുന്നത്. രണ്ടുമൂന്ന് ദിവസം മുന്‍പേ അങ്ങനെ ഇരിക്കില്ല. അതൊരു വലിയ അനുഗ്രഹമാണ്. ഉര്‍വശി എന്ന മഹാനടി നിങ്ങളെ പോലെ തന്നെ ഞാനും ആരാധിക്കുന്ന ഒരു നടിയാണ്. എന്റെ വീട്ടില്‍ എനിക്ക് അനിയത്തിയാണ്. പക്ഷെ നടിയെന്നുള്ള നിലയില്‍ ഗംഭീരമാണ്. അങ്ങനെ ഒരു കലാകാരിക്ക് സഹോദരിയായി വന്നതില്‍ സത്യത്തില്‍ അഭിമാനമുണ്ട്.