രജിനികാന്തിനും നെൽസൺ ദിലീപ്കുമാറിനും പിന്നാലെ സംഗീത സംവിധായകൻ അനിരുദ്ധിനും ചെക്ക് കെെമാറി നിർമാതാക്കളായ സൺ പിക്ചേഴ്സ്. രജിനികാന്തിനെ നായകനാക്കി സൺ പിക്ചേഴ്സിന്റെ ബാനറിൽ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായാണ് കലാനിധി മാരൻ അനിരുദ്ധിന് ചെക്ക് കെെമാറിയത്. ആഗോള ബോക്സ് ഓഫീസിൽ അഞ്ഞൂറ് കോടിയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിൽ അനിരുദ്ധിന്റെ ഗാനങ്ങൾക്കും പശ്ചാത്തലസംഗീതത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ചെക്ക് അനിരുദ്ധിന് കൈമാറുന്ന ചിത്രം നിർമാതാക്കളായ സൺ പിക്ചേഴ്സ് അവരുടെ ട്വിറ്ററിലൂടെ പങ്കുവച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി നടൻ രജിനികാന്തിന് സിനിമയുടെ ലാഭ വിഹിതവും ബിഎംഡബ്ല്യു എക്സ് 7 എന്ന ആഢംബരക്കാറും, നെൽസണ് ബ്രാൻഡ് ന്യു പോർഷെ കാറും സൺ പിക്ചേഴ്സ് നേരത്തെ തന്നെ സമ്മാനമായി നൽകിയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്.
ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ ജയിലര്‍ നേടിയത്. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കിയിരുന്നു. കമൽ ഹാസൻ നായകനായ വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് കലക്ഷൻ ഒൻപത് ദിവസം കൊണ്ടാണ് ജയിലർ മറികടന്ന് ഒന്നാമതെത്തിയത്.