രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ പിന്നിൽ പ്രവർത്തിച്ച 300 പേർക്ക് സ്വർണ്ണ നാണയം നൽകി നിർമാതാവ് കലാനിധി മാരൻ. 'സൺ പിക്ചേഴ്സ്', 'ജയിലർ' എന്നീ പേരുകൾ കൊത്തിയ സ്വർണ്ണനാണയങ്ങളാണ് സൺ പിക്ചേഴ്സ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വിതരണം ചെയ്തത്. ജയിലറിന്റെ വിജയത്തോടനുബന്ധിച്ച് നടത്തിയ സക്സസ് മീറ്റിലാണ് അണിയറ പ്രവർത്തകർക്ക് കലാനിധി മാരൻ സമ്മാനങ്ങൾ നൽകിയത്.
സംവിധായകൻ നെൽസൺ അടക്കമുള്ളവർ ചടങ്ങിന് പങ്കെടുത്തിരുന്നു. വിജയാഘോഷത്തിനോടനുബന്ധിച്ച് കേക്ക് മുറിച്ചും അണിയറ പ്രവർത്തകർക്കൊപ്പം ഒരുമിച്ചിരുന്ന് ബിരിയാണി കഴിച്ചും കലാനിധി മാരനും നെൽസണും ആഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോ സൺപിക്ചേഴ്സ് സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന് മുമ്പ് നടൻ രജിനികാന്തിനും, സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും, സംഗീത സംവിധായകൻ അനിരുദ്ധിനും നിർമാതാക്കളായ സൺ പിക്ചേഴ്സ് ചെക്കും ആഢംബരക്കാറും നൽകിയിരുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം വാരികൂട്ടിയിരുന്നു. ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കിയിരുന്നു. കമൽ ഹാസൻ നായകനായ വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് കലക്ഷൻ ഒൻപത് ദിവസം കൊണ്ടാണ് ജയിലർ മറികടന്ന് ഒന്നാമതെത്തിയത്.