ഏതൊരു ജീവിക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് 'കള' എന്ന സിനിമയിൽ അഡ്രസ് ചെയ്യുവാൻ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകൻ രോഹിത് വി. എസ്. 97ലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. മാർച്ച് 19 നാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് രോഹിത് ദ ക്യൂവിനോട് പറഞ്ഞു.
ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. രോഹിത് സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ ഫാന്റസി ഗണത്തിലുള്ളതായിരുന്നു. ശൈലി കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു അവ. രോഹിത്തിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.
സിനിമയെക്കുറിച്ച് രോഹിത്
മുന്നേയുള്ള സിനിമകളെപ്പോലെ ഒരു കഥ പറയുന്ന ഫീൽ ഉണ്ടാവാൻ സാധ്യത ഉള്ള സിനിമയാണ് കള. മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് സിനിമയിൽ അവതരിപ്പിക്കുവാൻ ശ്രമിച്ചിരിക്കുന്നത്. നിലനിൽപ്പിന്റെ ഭാഗമായി ഏതൊരു ജീവിക്കും ഒരു ഭയമുണ്ടായിക്കും. അതുകൊണ്ടുതന്നെ എല്ലാവരും വളരെ കരുതലയോടെയാണ് ജീവിക്കുന്നത്. 1997 ലാണ് സിനിമയുടെ പ്ലോട്ട് നടക്കുന്നത്. കാർഗിൽ യുദ്ധത്തെക്കുറിച്ച് സിനിമയിൽ പരാമർശിക്കുന്നുണ്ട് . എങ്കിലും സിനിമയിൽ അതൊരു പ്രധാനപ്പെട്ട ഘടകമല്ല. സിനിമയിൽ നായകൻറെ കംപാനിയനാണ് ആണ് ബാസിഗർ എന്ന നായ. ബാസിഗർ എന്നത് നായയുടെ യാഥാർത്ഥ പേരാണ് . സിനിമയിൽ മറ്റൊരു പേരിലാണ് നായയെ അവതരിപ്പിക്കുന്നത്. തീയേറ്ററിക്കൽ എക്സ്പീരിയൻസ് ആവശ്യമുള്ള ഒരു സിനിമ ആണ്. മാർച്ച് 19 നായിരിക്കും തീയറ്ററുകളിൽ റിലീസ് ചെയ്യുക.
ബാസിഗർ എന്ന നായക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ നടൻ ടോവിനോ തോമസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചേറില്‍ പുതഞ്ഞ മുഖവുമായി നീണ്ട മുടിയുമായി നിൽക്കുന്ന ടോവിനോയുടെ ഫോട്ടോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിലേക്ക് കടന്ന ചിത്രമായിരുന്നു കള. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളാണ്.