'സെങ്കണിയായി പരകായപ്രവേശം നടത്തിയ ലിജോമോള്‍'; ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുകയെന്ന് കെ.കെ ശൈലജ

'സെങ്കണിയായി പരകായപ്രവേശം നടത്തിയ ലിജോമോള്‍'; ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുകയെന്ന് കെ.കെ ശൈലജ
Published on

ജയ് ഭീമില്‍ ലിജോമോള്‍ ജോസഫ് സെങ്കിണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നുവെന്ന് മുന്‍മന്ത്രി കെ.കെ ശൈലജ. താരത്തിന്റെ അഭിനയമികവിനെ ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക എന്നും ശൈലജ പറയുന്നു. മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ് ജയ ഭീമെന്നും ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.കെ. ശൈലജയുടെ വാക്കുകള്‍:

'ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്. ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതി വിവേചനത്തിന്റെയും ഭരണകൂടഭീകരതയുടെയും നേര്‍കാഴ്ചയാണത്. ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേല്‍കോയ്മയുടെ ദുരനുഭവങള്‍ നാം കാണുന്നുണ്ട്. സമഭാവനയുടെ കണിക പോലും മനസ്സില്‍ ഉണരാതിരിക്കുമ്പോള്‍ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യ മനസ്സിന് വിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്ത പൊലീസ് മര്‍ദ്ദനമുറകള്‍ ചൂണ്ടികാട്ടുന്നത്.

അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പൊലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമില്‍ കണ്ട ഭീകരമര്‍ദ്ദനമുറകള്‍ക്കാണ്. സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘമേറിയ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അംബേദ്കറുടെ നേതൃത്വത്തില്‍ തയാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതര്‍ക്ക് വെളിച്ചത്തിലേക്ക് വരാന്‍ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യം മൂലമാണ്.

ജസ്റ്റിസ് ചന്ദ്രു എന്ന കമ്യൂണിസ്റ്റ്, പാവങ്ങള്‍ക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിന്റെ യഥാര്‍ഥ അനുഭവങ്ങളാണ് ജ്ഞാനവേല്‍ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തില്‍ ജീവിതത്തിന്റെ നേര്‍കാഴ്ചയായതും. ലിജോമോള്‍ ജോസഫ് സെന്‍ഗിണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു.

ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാകുക. ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയുടെ ഔന്നത്യം വര്‍ധിപ്പിക്കുന്നു. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠന്‍ മനസ്സില്‍ നിന്ന് അത്രവേഗത്തില്‍ മാഞ്ഞു പോകില്ല. പ്രകാശ് രാജും പൊലീസ്‌കാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം.

മാര്‍ക്‌സാണ് എന്നെ അംബേദ്കറില്‍ എത്തിച്ചതെന്നു പറഞ്ഞ യഥാര്‍ഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു) നാടിന്റെ അഭിമാനമായി മാറുന്നു. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഈ സിനിമ നിര്‍മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി.'

Related Stories

No stories found.
logo
The Cue
www.thecue.in