'വേട്ടയന് വേണ്ടി കങ്കുവയുടെ റിലീസ് മാറ്റിയതിൽ അതൃപ്തി', പ്രതികരണവുമായി കങ്കുവയുടെ നിർമ്മാതാവ് ജ്ഞാനവേൽ രാജ

'വേട്ടയന് വേണ്ടി കങ്കുവയുടെ റിലീസ് മാറ്റിയതിൽ അതൃപ്തി', പ്രതികരണവുമായി കങ്കുവയുടെ നിർമ്മാതാവ് ജ്ഞാനവേൽ രാജ
Published on

രജിനികാന്ത് നായകനായി എത്തിയ 'വേട്ടയന്' വേണ്ടി കങ്കുവയുടെ റിലീസ് മാറ്റിവെച്ച വിഷയത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ. 'വേട്ടയന്റെ' റിലീസ് തീയതി നേരത്തെ അറിയില്ലായിരുന്നു. അതുകൊണ്ടാണ് കങ്കുവയുടെ റിലീസ് ഒക്ടോബർ 10 ന് തീരുമാനിച്ചത്. വേട്ടയൻ റിലീസ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ 'കങ്കുവ' റിലീസ് ആ തീയതിയിലേക്ക് ആലോചിക്കില്ലായിരുന്നു. ഈഗോ ഇല്ലാതെ എല്ലാവരുമായി ആലോചിച്ചാണ് റിലീസ് തീയതി മാറ്റിവെച്ചതെന്ന് കുമുദത്തിന് നൽകിയ അഭിമുഖത്തിൽ കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ഒക്ടോബർ 10 നായിരുന്നു കങ്കുവ റിലീസ് ചെയ്യാൻ നേരത്തെ പദ്ധതിയിട്ടിരുന്നത്. പിന്നീട് ഇതേ തീയതിയിൽ വേട്ടയൻ എത്തുന്നതുകൊണ്ട് റിലീസ് തീയതി മാറ്റുകയായിരുന്നു. ആരാധകർക്കിടയിൽ വലിയ അതൃപ്തിയാണ് റിലീസ് തീയതി മാറ്റിവെച്ചതിൽ ഉണ്ടായത്.

സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് കങ്കുവാ. പീരിയോഡിക് 3D ചിത്രമായെത്തുന്ന കങ്കുവാ പത്ത് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.

ജ്ഞാനവേൽ രാജ പറഞ്ഞത്:

കഠിനമായ എന്ത് തീരുമാനങ്ങൾ എടുക്കുമ്പോഴും അതിന് രണ്ട് തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുക. ഒരു വിഭാഗം അതിനെ അംഗീകരിക്കും. അതിന് വിപരീതമായി ചിന്തിക്കുന്നവരും ഉണ്ടാകും. എന്ത് പ്രതിസന്ധിയെയും നേരിട്ട് പോരാടണം എന്നൊക്കെ നമുക്ക് തോന്നാം. പക്ഷെ ഒരു സിനിമയുടെ കാര്യത്തിൽ അതൊരു നല്ല കാര്യമായി തോന്നുന്നില്ല. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് ആലോചിക്കേണ്ട കാര്യം. ഒരുപാട് തുക നമ്മൾ സിനിമയ്ക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. 3 ഭാഷകളിലായി ഇറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണ്. 'വേട്ടയൻ' റിലീസ് തിയതി അപ്പോൾ നിശ്ചയിക്കുമെന്ന് കരുതിയില്ല ഞങ്ങൾ റിലീസ് ആലോചിച്ചത്. അവർ ആ തീയതിയിൽ റിലീസ് ചെയ്യുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കങ്കുവയുടെ റിലീസ് ആ സമയത്തേക്ക് പ്ലാൻ ചെയ്യില്ലായിരുന്നു. എന്ത് പ്രഷറായിരുന്നു അവർക്കുണ്ടായിരുന്നതെന്ന് അറിയില്ല. ഞാൻ ഈ വിഷയത്തിൽ ഈഗോ ഒന്നും നോക്കിയില്ല. എല്ലാവരോടും സംസാരിച്ച് അടുത്ത നല്ല തീയതി തിരഞ്ഞെടുക്കുക എന്നത് മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in