അമ്പത്തൊന്നാമത് കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ജിയോ ബേബിക്ക് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. പുരുഷാധിപത്യ സമൂഹത്തില്‍ എങ്ങിനെയാണ് അടുക്‌ള എന്ന ഇടം സ്ത്രീവിരുദ്ധമായി മാറുന്നതെന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒരു സ്ത്രീയുടെ ദൈനം ദിന ജീവിതത്തിലൂടെ ആണ്‍കോയ്മയുടെ പ്രശ്‌നങ്ങളെ ശക്തമായി അവതരിപ്പിച്ചതിനാണ് ചിത്രത്തിന് പുരസ്‌കാരം ലഭിച്ചതെന്ന് ജൂറി വിലയിരുത്തി.
'പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത, നിശ്ശബ്ദമായ ആണ്‍കോയ്മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രമെന്നാണ്' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ കുറിച്ച് ജൂറി പറഞ്ഞത്. മികച്ച തിരക്കഥയിലൂടെ ആണധികാര വ്യവസ്ഥയില്‍ അടുക്കള എന്ന ഇടം എത്രമാത്രം സ്ത്രീവിരുദ്ധമായി മാറുന്നുവെന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ ജിയോ ബേബി വ്യക്തമായി അവതരിപ്പിച്ചുവെന്നും ജൂറി പറയുന്നു.
നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊവിഡ് സമയത്ത് നാസ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പിന്നീട് ആമസോണ്‍ പ്രൈമിലും ചിത്രം സ്ട്രീം ചെയ്തിരുന്നു. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്.