എന്തുകൊണ്ട് അന്ന ബെന്നും ജയസൂര്യയും?; ജൂറിക്ക് പറയാനുള്ളത്

എന്തുകൊണ്ട് അന്ന ബെന്നും ജയസൂര്യയും?; ജൂറിക്ക് പറയാനുള്ളത്
Published on

അമ്പത്തൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമായിരുന്നു ഇത്തവണ ജൂറി ചെയര്‍പേഴ്‌സണ്‍.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. പ്രാഥമിക വിധിനിര്‍ണയ സമിതിയുടെ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധിനിര്‍ണയ സമിതിയ്ക്ക് മുന്നിലെത്തിയത്. ഇതുകൂടാതെ, വിവിധ വിഭാഗം പുരസ്‌കാരങ്ങളുടെ പരിഗണനയ്ക്കായി 10 ചിത്രങ്ങള്‍കൂടി അന്തിമ വിധിനിര്‍ണയ സമിതി കണ്ടു. 38 ഓളം വരുന്ന നവാഗത സംവിധായകരുടെ ശക്തമായ സാന്നിധ്യവും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്‌കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതില്‍ സംശയമില്ലെന്ന് ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി പറഞ്ഞു.

മികച്ച നടനുള്ള പുരസ്‌കാരത്തിന് നടന്‍ ജയസൂര്യയാണ് അര്‍ഹനായത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളത്തിലെ മുരളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. മുഴുക്കുടിയനായി നാടിനും വീടിനും ഒരു പോലെ ശല്യമായ സാഹചര്യത്തില്‍ നിന്ന് വിജയം വരിച്ച ബിസിനസുകാരനായി ജീവിതം വഴിതിരിച്ചുവിട്ട മുരളി കുന്നുംപുറത്തിന്റെ ജീവിതമാണ് വെള്ളം എന്ന സിനിമ. ചിത്രത്തിലെ ജയസൂര്യയുടെ അഭിനയം റിലീസിന് ശേഷം വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ടിരുന്നു.

'മദ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാവാന്‍ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനാണ്' ജയസൂര്യ പുരസ്‌കാരത്തിന് അര്‍ഹനായതെന്നാണ് ജൂറി പറഞ്ഞത്.

കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അന്ന ബെന്നിന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിലെ ജെസി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. നവാഗതനായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്‍. മുഹമ്മദിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. 'ജീവിതത്തില്‍ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ച പ്രകടന മികവിനാണ്' അന്നക്ക് പുരസ്‌കാരം നല്‍കിയതെന്ന് ജൂറി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in