മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനിലേക്കോ 2018?, പിന്നിലാക്കേണ്ടത് ലൂസിഫറിനെയും പുലിമുരുകനെയും

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനിലേക്കോ 2018?, പിന്നിലാക്കേണ്ടത് ലൂസിഫറിനെയും പുലിമുരുകനെയും
Published on

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമാകാന്‍ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ. ഏഴ് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ട ചിത്രം രണ്ടാഴ്ചയില്‍ നൂറ് കോടി കളക്ഷനിലെത്തുമെന്നാണ് കരുതുന്നതെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍, ലൂസിഫര്‍ എന്നിവ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ 2018 തകര്‍ക്കുമെന്നാണ് സൂചന.

മലയാളത്തിലെ തിയറ്റര്‍ മേഖല ഗുരുതര പ്രതിസന്ധി നേരിട്ട സമയത്താണ് ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ '2018' എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ പുറത്തുവന്ന മികച്ച അഭിപ്രായത്തിനൊപ്പം റെക്കോര്‍ഡ് ബോക്സ് ഓഫീസ് കളക്ഷനിലേക്കും തുടര്‍ച്ചയായ ദിവസങ്ങളില്‍ അധികപ്രദര്‍ശനങ്ങളിലേക്കുമാണ് '2018' നീങ്ങുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ഷോകളിലാണ് '2018'. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ലൂസിഫര്‍' എന്ന സിനിമ നേടിയ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന തീയേറ്റര്‍ കളക്ഷനെന്ന റെക്കോര്‍ഡിനെ വരും ദിവസങ്ങളില്‍ '2018' പിന്നിലാക്കുമെന്നാണ് തിയറ്റര്‍ മേഖലയില്‍ നിന്നുള്ള വിലയിരുത്തല്‍.

'എക്സ്ട്രാ ഷോസ് ഉള്‍പ്പടെ 90% നെറ്റ് കളക്ഷനാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രം നേടിയത്. ഏഴ് ദിവസം പിന്നിടുമ്പോള്‍ ഇത്രയും ശതമാനം നെറ്റ് കളക്ഷന്‍ നേടുന്നത് റെക്കോര്‍ഡാണെന്ന് കരുതുന്നുവെന്ന് തിയറ്റര്‍ ഉടമയായ സുരേഷ് ഷേണായ് പറഞ്ഞു. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ മുഴുവന്‍ ഹൗസ്ഫുള്‍ ഷോസുകളാണെന്നും ലൂസിഫറിന്റെ റൊക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.

'ആദ്യ വാരത്തില്‍ തന്നെ കേരള കപ്പാസിറ്റിയുടെ 90% കളക്ഷന്‍ '2018' നേടി. പുലിമുരുകന്റെയും ലൂസിഫറിന്റെയും റെക്കോര്‍ഡിനെ നിലവില്‍ 2018 മറികടന്നിട്ടുണ്ടാവണം. പുലിമുരുകനും ലൂസിഫറും റിലീസ് ചെയ്തിട്ട് ഇപ്പോള്‍ ഏകദേശം 8 വര്‍ഷത്തോളമാകുന്നു. അന്നത്തെ സ്‌ക്രീനുകളുടെ എണ്ണവും ഷോസിന്റെ എണ്ണവും നോക്കിയാല്‍ '2018' വന്നിരിക്കുന്ന ഷോസ് അതിനെക്കാളും വളരെ കൂടുതലാണെന്ന കാര്യം ഉറപ്പാണ്. അതിനെക്കാളും കളക്ഷനും ആദ്യ വാരത്തില്‍ കിട്ടിയിട്ടുണ്ടാവണം. തുടര്‍ച്ചയായി അന്‍പത് ദിവസങ്ങള്‍ കവര്‍ ചെയ്യാന്‍ സാധ്യതയുള്ള ചിത്രമാണ് '2018'.'

സുരേഷ് ഷേണായി

'മലയാള സിനിമയുടെ അടുത്തകാലത്ത് വന്നിട്ടുള്ള എല്ലാ റെക്കോര്‍ഡും ഭേദിച്ച് കൊണ്ട് എന്ന തരത്തിലാണ് 2018 മുന്നേറുന്നത്. ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും, ലോകമൊട്ടാകെയുള്ള എല്ലാ തിയേറ്ററുകളിലും ഹൗസ് ഫൂള്‍ ഷോകളാണെന്നും' ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

'എഴ് ദിവസം കൊണ്ട് 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം കളക്ട് ചെയ്തത് ഏകദേശം 50 കോടി രൂപയോളമാണ്, രണ്ടാഴച്ചയ്ക്കുള്ളില്‍ 100 കോടി കളക്ഷന്‍ 2018 നേടാന്‍ സാധ്യതയുണ്ടെന്നും സിനിമയുടെ നിര്‍മാതാവായ വേണു കുന്നപ്പിള്ളി ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

21 ദിവസം കൊണ്ടാണ് വേള്‍ഡ് വൈഡ് കളക്ഷനായി 150 കോടി ലൂസിഫര്‍ കളക്ട് ചെയ്തതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പ്രഖ്യാപിച്ചത്. കേരളത്തിനൊപ്പം ഗള്‍ഫ് മേഖലകളിലെയും യൂറോപ്പ്-യുഎസ് കളക്ഷനുമാണ് ലൂസിഫറിന് 150 കോടിയിലേക്കുള്ള മുന്നേറ്റം എളുപ്പമാക്കിയത് .എട്ട് ദിവസം കൊണ്ടാണ് ലൂസിഫര്‍ 100 കോടി പിന്നിട്ടിരുന്നത്. ലൂസിഫറിന് സമാനമായി ഗള്‍ഫ്, യൂറോപ്പ് ഓപ്പണിംഗ് കളക്ഷനിലും 2018 വന്‍ മുന്നേറ്റം പ്രകടമാക്കിയിരുന്നു.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് 2018 നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലെ 2018ലെ പ്രളയം പ്രമേയമാക്കിയൊരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി, നരേന്‍ , ലാല്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, കലൈയരസന്‍ തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ ജോര്‍ജ്.

Related Stories

No stories found.
logo
The Cue
www.thecue.in