ഓസ്കാർ അവാർഡിനായുള്ള ഇന്ത്യൻ എൻട്രിയായ 2018ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്നത് യഥാർത്ഥ സംഭവം ആധാരമാക്കിയുള്ള സിനിമ. കേരള ചരിത്രത്തിലെ നിർണായക സംഭവങ്ങളിലൊന്നായ എം.വി. കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനം ആധാരമാക്കിയാണ് തന്റെ അടുത്ത സിനിമയെന്ന് ജൂഡ് ആന്തണി ജോസഫ്. രാജ്യത്തെ മുൻനിര മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ആണ് എം.വി കൈരളി കപ്പലിന്റെ തിരോധാനം പ്രമേയമായ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതെന്നും ജൂഡ് ആന്തണി പ്രശസ്ത ഹോളിവുഡ് എന്റർടെയിൻമെന്റ് വെബ്സൈറ്റായ വറൈറ്റി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൈരളിയുടെ തിരോധാനം പ്രമേയമായ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കടന്നതായും ജൂഡ് ആന്തണി ജോസഫ്. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം.
കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ചരക്കുകപ്പലായ എം.വി കൈരളി ക്യാപ്റ്റൻ ഉൾപ്പെടെ 49 അംഗങ്ങളുമായി ജിബൂട്ടി വഴി ജർമ്മനിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് അപ്രത്യക്ഷമാകുന്നത്. 20,000 ടൺ ഇരുമ്പയിരുമായി ഗോവയിൽ നിന്ന് 1979ലാണ് എം.വി കൈരളി പുറപ്പെടുന്നത്.
കൈരളി കപ്പലിന് എന്ത് സംഭവിച്ചുവെന്നതറിയാനുള്ള തുടർ അന്വേഷണങ്ങൾ ഒന്നും തന്നെ ഫലം കണ്ടില്ല. ഏറെ ചരിത്ര പ്രാധാന്യമുള്ള എം.വി കൈരളിയുടെ തിരോധാനവും വിജയം കണ്ടെത്താത്ത അന്വേഷണവും സിനിമയുടെ ഉള്ളടക്കമായിരിക്കുമെന്ന് ജൂഡ് ആന്തണി ജോസഫ്. 2024 അവസാനത്തോടെ സിനിമയിലേക്ക് കടക്കും.
2018ന്റെ ഓസ്കാർ നോമിനേഷനുള്ള പ്രചരണങ്ങൾക്കായി ലോസ് ആഞ്ചൽസിലാണ് ജൂഡ് ആന്തണി ഉള്ളത്. അക്കാദമി മെംബേഴ്സിന് ഉൾപ്പെടെ സിനിമയുടെ സ്ക്രീനിംഗ് തുടരുകയാണ്. ഫീസ്റ്റ് ഓഫ് വൾച്ചേഴ്സ്, സൈലന്റ് കൂ തുടങ്ങി രാജ്യാന്തര ശ്രദ്ധ നേടിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ജോസി ജോസഫ്.